
വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ കുതിരാൻ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം നിർമ്മാണ കമ്പനിയുടെ വാഹനം ഇടിച്ചു യുവാവ് മരിച്ചിരുന്നു. ചുവട്ടുപാടത്തു ദേശീയപാത കരാർ കമ്പനിയുടെ ട്രെയിലർ ലോറി ദേശീയപാതയിലേക്കു കയറുന്നതിനിടെ തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ദേശമംഗലം തലശ്ശേരി പാട്ടാറെ വീട്ടിൽ സതീഷിന്റെ മകൻ അശ്വിൻ (19) ആണ് മരിച്ചത്.
വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ 21 റോഡുകൾ ദേശീയപാതയിലേക്കു പ്രവേശിക്കുന്നുണ്ട്. ഇവിടെ ഒരു മുന്നറിയിപ്പു ബോർഡ് പോലുമില്ല. വടക്കഞ്ചേരി മേൽപാലത്തിനു താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗം ഇന്നലെ ദേശീയപാത അതോറിറ്റി അധികൃതർ കെട്ടി അടയ്ക്കാൻ ആരംഭിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെ പണികൾ പാതിവഴിയിൽ നിർത്തി. ടൗണിലെത്തുന്ന വാഹനങ്ങൾ ഇവിടെയാണു പാർക്ക് ചെയ്യുന്നത്. എന്നാൽ ഈ സ്ഥലം സാമൂഹിക വിരുദ്ധർ താവളമാക്കുന്നു എന്ന പേരിലാണ് അടയ്ക്കുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. പഞ്ചായത്തും പൊലീസും ഇടപെട്ട് പാർക്കിംഗ് സൗകര്യ തുടരാൻ നടപടി സ്വീകരിക്കണമെന്നും സാമൂഹിക വിരുദ്ധരുണ്ടെങ്കിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ജനകീയ സമിതിയുടെ പ്രതിഷേധ സമരം ഇന്ന്
നിർമ്മാണ കമ്പനിയുടെ വാഹനത്തിനു രേഖകൾ ഇല്ലെന്നും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ട് ഇന്ന് ചുവട്ടുപാടം കെ.എം.സി ഓഫീസിനു മുൻപിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും.
വടക്കഞ്ചേരി–വാണിയമ്പാറ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണമെന്നും അഴുക്കുചാൽ നിർമാണം, തെരുവു വിളക്കു സ്ഥാപിക്കൽ, മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കൽ എന്നിവ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണു സമരം.