nabh

പാലക്കാട്: ജില്ലയിലെ ഒമ്പത് ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേർസ്) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കിണാവല്ലൂർ, തിരുവേഗപ്പുറ, പുതുക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഹോമിയോപ്പതി സ്ഥാപനങ്ങളിലും പുതുപ്പരിയാരം, മുണ്ടൂർ, തച്ചമ്പാറ, മാത്തൂർ, തൃത്താല തുടങ്ങിയ ആയുർവേദ സ്ഥാപനങ്ങളിലുമാണ് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ എൻ.എ.ബി.എച്ച് നിലവാരം നടപ്പാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങൾ വിവിധ ഗുണമേന്മ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമായാണ് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിക്കുക.
അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉൾപ്പടെയുള്ള സേവനങ്ങളുടെ നിലവാരം വിലയിരുത്തിയാണ് അംഗീകാരം. സംസ്ഥാനത്തെ ഗവ. ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണ് ഈ അംഗീകാരം.

നാല് ഘട്ടങ്ങളിലായി നിലവാരത്തിലേക്ക് ഉയർത്തും

എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളിലായി എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. രണ്ടാം ഘട്ടത്തിൽ ജില്ലയിലെ ഏഴ് സ്ഥാപനങ്ങളാണ് സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ നേടാൻ തയ്യാറെടുക്കുന്നത്.