
മണ്ണാർക്കാട്: സംസ്ഥാനത്തെ വനം റെയ്ഞ്ച് ഓഫീസ് പരിധികളിൽ ഏറ്റവും കൂടുതൽ വന്യമൃഗശല്യം നേരിടുന്ന
മണ്ണാർക്കാട് റെയ്ഞ്ചിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ ദ്രുതകർമ സേന (ആർ.ആർ.ടി) കാട്ടാനകളെ തുരത്തിയത് 500 തവണയെന്ന് കണക്ക്. ഒക്ടോബർ വരെ 428 തവണയാണ് തുരത്തിയത്. നവംബർ, ഡിസംബർ കൂടി ഉൾപ്പെടുമ്പോൾ സേനയുടെ ശ്രമങ്ങളുടെ എണ്ണം 500നടുത്താണെന്ന് റെയ്ഞ്ച് ഓഫീസർ എൻ.സുബൈർ പറഞ്ഞു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനു കീഴിലുള്ള കോട്ടോപ്പാടം, കുമരംപുത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിലെ മലയോരമേഖലയിലാണ് കൂടുതൽ കാട്ടാനകളെത്തുന്നത്. സൈലന്റ് വാലി മലനിരകളിൽ നിന്നാണ് ഇവയുടെ ഇറക്കം. വനംവകുപ്പിലെ ദ്രുതപ്രതികരണസേനയുടെ (ആർ.ആർ.ടി.) 2022-23 വർഷത്തെ രക്ഷാപ്രവർത്തനങ്ങളുടെ പട്ടികയിലാണ് മലയോരമേഖലയിലെ വന്യജീവിശല്യത്തെ പ്രതിരോധിച്ചും കാർഷികവിളകളെ സംരക്ഷിച്ചുമുള്ള കണക്കുകളുള്ളത്.
റെയ്ഞ്ചിന് കീഴിൽ രാജവെമ്പാലയുൾപ്പെടെ 250 പാമ്പുകളെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. കടുവ, പുലി, കാട്ടുപന്നി, മയിൽ, മാൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 90 പ്രശ്നങ്ങളും കൈകാര്യം ചെയ്തു.
ആനകളെ തുരത്താൻ 50,000 രൂപയുടെ പടക്കം
പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആവശ്യമെങ്കിൽ പമ്പ് ആക്ഷൻ ഗൺ പ്രയോഗിച്ചുമാണ് ആനകളെ തുരത്തുന്നത്. പടക്കമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനായി ഒരുവർഷം മാത്രം 50,000 രൂപയുടെ പടക്കമാണ് ആർ.ആർ.ടി മാത്രം ഉപയോഗിക്കുന്നത്.
ആർ.ആർ.ടി സംവിധാനം
ഒരു ഫോറസ്റ്റർ, നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, രണ്ട് ഫോറസ്റ്റ് വാച്ചർമാർ, മൂന്ന് താത്കാലിക വാച്ചർമാർ, അത്യാവശ്യസമയങ്ങളിൽ സഹായിക്കുന്നതിനായി മറ്റൊരു വാച്ചർ.
സഞ്ചരിക്കാൻ വാഹനവും പാമ്പുകളെ പിടികൂടാൻ പോകുന്നതിനായി ഇരുചക്രവാഹനവും സേനയ്ക്കുണ്ട്.
നഷ്ടപരിഹാരം
വന്യജീവികൾ കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരമായി വനംവകുപ്പിൽനിന്നു മൂന്നുവർഷത്തിനിടെ വിതരണം ചെയ്തത് 2.69 കോടി രൂപ. 2021ൽ 1.50 കോടിയും 2022ൽ 81 ലക്ഷവും 2023ൽ 38 ലക്ഷവുമാണ് വിതരണം ചെയ്തത്.