h

സംസ്ഥാനത്ത് തിരുവനന്തപുരം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലേക്ക് പാലക്കാട് ചിറ്റൂരിൽ നിന്നാണ് കള്ള് കൊണ്ടുപോകുന്നത്. കോട്ടയം, എറണാകുളം മേഖലകളിൽ നിന്നെത്തി തെങ്ങിൻതോപ്പ് പാട്ടത്തിനെടുത്താണ് പലരും ഈ അബ്ക്കാരി ബിസിനസിൽ ഏർപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നായി നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്ന മേഖലയാണിത്. എന്നാൽ, കിഴക്കൻ മേഖലയിലെ തെങ്ങിൻ തോപ്പുകളിൽ പണിയെടുക്കുന്ന ചെത്ത് തൊഴിലാളികൾക്ക് യാതൊരു സുരക്ഷയും സംരക്ഷണവുമില്ലെന്നതാണ് യാഥാർത്ഥ്യം. കള്ളുചെത്തുന്നതിനിടെ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ദിവസങ്ങൾക്ക് മുമ്പ് തെക്കൻ ജില്ലയിലേക്ക് കള്ളുചെത്തി വന്നിരുന്ന ചിറ്റൂർ വേർകോലി സ്വദേശി രാജേഷ് (35) തെങ്ങിൽ നിന്നുവീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവിവാഹിതനായ ഈ യുവാവ്.

അപകട മരണം സംഭവിച്ചാൽ ഒരു പൈസ പോലും കിട്ടാത്ത സ്ഥിതിയാണിവർക്ക്. അസംഘടിതരായ ചെത്ത് തൊഴിലാളികളാണ് ഭൂരിഭാഗം പേരും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ല, ക്ഷേമനിധി രജിസ്‌ട്രേഷനുമില്ല. തെങ്ങിൽ നിന്നും വീണ് നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല.

സംസ്ഥാനത്ത് വിവിധ ജില്ലകളിലേക്ക് ആവശ്യമായ കള്ള് ഉത്പാദിപ്പിക്കുന്നത് ചിറ്റൂരിലാണ്. 1000ലധികം ചെത്ത് തൊഴിലാളികൾ 700 തോപ്പുകളിലായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജീവൻപണയം വച്ചാണ് തൊഴിലാളികൾ തോപ്പുകളിൽ ജോലി ചെയ്യുന്നത്. രാപ്പകൽ ഭേദമില്ലാതെ ഉറക്കവും ആഹാരവും ആരോഗ്യവും നഷ്ടപ്പെട്ട് തൊഴിൽ ചെയ്യുന്ന ഇവരുടെ സ്ഥിതി അതി ദയനീയമാണ്. കുടുംബം പോറ്റാനായി വർഷങ്ങളായി ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ളവരിൽ ഏറെയും. തുടർച്ചയായി ആറുമാസം ജോലി ചെയ്താൽ കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്‌ട്രേഷൻ ലഭിക്കുമെന്നത് നിയമമാണ്. എന്നാൽ ഇരുപതുവർഷം വരെ ജോലി ചെയ്തിട്ടും ഇവരിൽ പലർക്കും രജിസ്‌ട്രേഷൻ ഇല്ല.

ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ടാൽ ഏഴുലക്ഷം രൂപ ഇൻഷ്വറൻസ് പരിരക്ഷ ഉണ്ട്. രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ ഇത് ലഭിക്കില്ല. ഷാപ്പുകളുടെ പേരിൽ ചെത്തുന്നവർ കടലാസിൽ മാത്രമാണുള്ളത്. എക്‌സൈസ് രേഖകളിൽ ചെത്ത് തൊഴിലാളികളുടെ കണക്കുകൾ നോക്കിയാൽ ഞെട്ടിപ്പോകും. രേഖയിലുള്ളവർക്ക് ചെത്തുമായി ബന്ധം പോലും ഉണ്ടാവില്ല.


ഉത്തരവ് പുറംലോകം കണ്ടില്ല

അടുത്ത കാലത്ത് പാലക്കാട് ജില്ലാ ലേബർ ഓഫീസർ ചെത്ത് തൊഴിലാളികളുടെ തൊഴിൽ സമയവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതു പുറലോകം കാണാതെ ചവറ്റുകൊട്ടയിലാക്കി. രാത്രി കാലത്ത് ജോലി ചെയ്യുന്നത് വിലക്കുകയും പുതിയ സമയക്രമം നിശ്ചയിക്കുകയയും ചെയ്തിരുന്നു. അതുപ്രകാരം രാവിലെ അഞ്ചുമണിക്ക് ശേഷം മാത്രം ജോലി ചെയ്യണമെന്നാണ് വ്യവസ്ഥ. വൈകീട്ടാണെങ്കിൽ ഏഴ് മണിക്കും അവസാനിക്കണം. എന്നാൽ ഇതൊന്നും ചിറ്റൂരിലെ തോപ്പുകളിൽ നടപ്പാക്കില്ല. നിയമം പറഞ്ഞാൽ ജോലിയിൽ നിന്നും പുറത്താകും. തോപ്പുകളിൽ ചെത്തുന്ന തൊഴിലാളികളുടെ ജോലി കണ്ടാൽ സർക്കസുകാരെ കാണുന്നതു പോലെയാണ്. ഒരു തെങ്ങിൽ നിന്ന് അടുത്ത തെങ്ങിലെത്താൻ കയർ കെട്ടിയും, കയറിലൂടെ നടന്നുമാണ് ഭൂരിഭാഗം പേരും ചെത്തുന്നത്. അടിതെറ്റിയാൽ മരണം ഉറപ്പാണ്. തെങ്ങുകളാണെങ്കിൽ ഏറെ ഉയരം കൂടിയതും. ഒരു ചെത്ത് തൊഴിലാളി ഒരുദിവസം ജോലി ചെയ്തു വരുന്നത് മൂന്നുനേരമാണ്. പുലരി, ഉച്ച, അന്തി ഇതാണ് സമയക്രമം. പുലരിയാണെങ്കിൽ പുലർച്ചെ രണ്ടരമണിക്ക് തോപ്പിൽ എത്തണം. ഉച്ചസമയം 11 മണി. അന്തിരാത്രി ആറ് മണി. ഇതാണ് ചെത്ത് തൊഴിലാളികളുടെ ഉപ്പോഴത്തെ സമയം. 12 തെങ്ങുകളാണ് കയറേണ്ടത്. കയർകെട്ടും തെങ്ങിൽ ചകിരി വച്ചു കെട്ടും നിരോധിക്കാൻ പോലും ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ല. ഉയരംകൂടിയ തെങ്ങുകളിൽ ജോലി ചെയ്യരുതെന്ന നിർദ്ദേശവും പാലിക്കുന്നില്ല.

വിവിധ ജില്ലകളിൽ നിന്നുള്ള കള്ളുവണ്ടികൾ കാലത്ത് ആറിന് മാത്രമേ തോപ്പിൽ പ്രവേശിക്കാവൂ എന്ന് എക്‌സൈസ് വകുപ്പിന്റെ പെർമിറ്റ് രേഖകളിലുണ്ട്. എന്നാൽ, വണ്ടികൾ തോപ്പിലെത്തുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. അതിനിടയ്ക്ക് കള്ള് ചെത്തി ഇറക്കിവക്കണം. അപകടകരമായി തൊഴിൽ ചെയ്യുന്നതുമൂലം അപകട മരണങ്ങൾ വർദ്ധിക്കുകയാണ്.

പെൻഷനുമില്ല

ഉയർന്ന അംശദായം അടച്ചിട്ടും അർഹമായ പെൻഷൻ ലഭിക്കാതെ കള്ളുചെത്ത് തൊഴിലാളികൾ. കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ടിലേക്കുള്ള സംസ്ഥാന സർക്കാർ വിഹിതം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് നാലായിരത്തോളം പെൻഷൻകാർക്ക് അർഹമായതിന്റെ പകുതി തുകയാണ് പെൻഷനായി ലഭിക്കുന്നത്. ക്ഷേമനിധി ബോർഡുകളിൽ സംസ്ഥാനത്ത് ആദ്യമായി പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത് മദ്യവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡാണ്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും വിഹിതമായി വേതനത്തിന്റെ നാലുശതമാനമാണ് പെൻഷൻ ഫണ്ടിലേക്കെത്തുന്നത്. അതിൽ രണ്ടുശതമാനം സർക്കാർ വിഹിതവുമാണ്.

ആകെ വരുമാനത്തിന്റെ തോത് കണക്കാക്കിയാൽ പ്രതിമാസം 10,000 രൂപ വരെ പെൻഷൻ ഇനത്തിൽ ലഭിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ കിട്ടുന്നത് 2,500 മുതൽ 5000 രൂപ മാത്രം. ഇതു സംബന്ധിച്ച് ബോർഡ് അധികൃതർക്ക് പരാതി നൽകിയാൽ സർക്കാർ വിഹിതം കിട്ടാത്തതാണ് കാരണമെന്നാണ് ലഭിക്കുന്ന മറുപടി.

തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കാനുള്ള വിഹിതമായി 2023 - 24 സാമ്പത്തിക വർഷത്തിൽ 1.2 കോടി രൂപയനുവദിച്ചതായി തൊഴിൽവകുപ്പ് അണ്ടർ സെക്രട്ടറി അറിയിച്ചു. എന്നാൽ, സാമ്പത്തിക വർഷം പെൻഷൻ വിതരണത്തിന് 2.43 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴണ് അതിന്റെ പകുതി അനുവദിച്ചത്.

കരിമ്പന ചെത്തുകാർ പുറത്തേക്കോ?

പത്തുവർഷം തൊഴിൽ ചെയ്ത് 60ാം വയസിൽ പിരിയുന്നവർക്കാണ് പെൻഷൻ ലഭിക്കുക.

അപകടം, രോഗം എന്നിവമൂലം തൊഴിൽ ചെയ്യാനാവാത്തവിധം ശാരീരികാവശതയുള്ളവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും പെൻഷൻ അനുവദിക്കും. വരുമാനം കണക്കാക്കി പ്രതിവർഷം നാലായിരം രൂപവരെ അംശദായം അടച്ചിരുന്നവർക്കുപോലും അർഹമായ പെൻഷനില്ല. ഇതിനിടെ പെൻഷന് അർഹരാകാൻ തൊഴിലെടുത്ത കാലാവധി പത്തിനു പകരം 20 വർഷമായി ഉയർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതോടെ പാലക്കാട്ടെ കരിമ്പന ചെത്തുതൊഴിലാളികളടക്കം പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്താവും. വർഷത്തിൽ മൂന്നുമുതൽ നാലുമാസം വരെ മാത്രമാണ് കരിമ്പനച്ചെത്ത് നടക്കുന്നത്.