rubber

സോഫ്റ്റ്‌വെയർ തകരാറിലായിട്ട് ഒരുമാസം.

കെട്ടിക്കിടക്കുന്ന ബില്ലുകളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു.

 പ്രോത്സാഹനപദ്ധതിയിൽ കർഷകർക്ക് വിതരണം ചെയ്യാനുള്ള 54.37 കോടി രൂപ.

വടക്കഞ്ചേരി: സോഫ്റ്റ്‌വെയർ തകരാറിലായതോടെ റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ കർഷകരുടെ ബില്ലുകൾ കുന്നുകൂടുന്നു. സംസ്ഥാനത്തെ റബ്ബർ ഉത്പാദകസംഘങ്ങളിൽ (ആർ.പി.എസ്) കെട്ടിക്കിടക്കുന്ന ബില്ലുകളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. പ്രോത്സാഹനപദ്ധതിയിൽ കർഷകർക്ക് വിതരണം ചെയ്യാനുള്ള 54.37 കോടി രൂപ മുടങ്ങിക്കിടക്കുന്നതിനിടെ സോഫ്റ്റ്‌വെയർ തകരാർ കൂടിയായതോടെ പദ്ധതി സ്തംഭിച്ച നിലയിലാണ്.

റബ്ബറിന് കിലോഗ്രാമിന് 170 രൂപ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതിയുടെ ആനുകൂല്യത്തിനായി റബ്ബർ വിറ്റതിന്റെ ബില്ല് കർഷകർ ആർ.പി.എസുകളിലാണ് നൽകുക. ആർ.പി.എസുകൾ ഇവ പരിശോധിച്ച് സോഫ്റ്റ്‌വേർ മുഖാന്തരം റബ്ബർ ബോർഡിന് സമർപ്പിക്കും.

റബ്ബർ ബോർഡ് ഇവ പരിശോധിച്ച് അംഗീകരിക്കുന്നതോടെ 170 രൂപയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം സർക്കാർ കർഷകന് നൽകുകയാണ് ചെയ്യുക. സോഫ്റ്റ്‌വേർ തകരാറിലായതോടെ ആർ.പി.എസുകൾക്ക് ബില്ലുകൾ സമർപ്പിക്കാനാകാത്ത സ്ഥിതിയാണ്. ‌‌

ടാപ്പിംഗ് സജീവമായി നടക്കുന്ന സമയമായതിനാൽ റബ്ബർ കർഷകർ ഏറ്റവും കൂടുതൽ ഷീറ്റ് വിൽക്കുന്ന സമയവും കൂടിയാണിത്. എൻ.ഐ.സിയും സംസ്ഥാനസർക്കാരും തമ്മിലുള്ള കരാറിന്റെ കാലാവധി നവംബറിൽ അവസാനിച്ചിരുന്നു. ഇത് പുതുക്കാത്തതാണ് സോഫ്റ്റ്‌വേർ തകരാർ പരിഹരിക്കുന്നത് നീണ്ടുപോകുന്നതിന് കാരണമെന്നാണ് സൂചന.

സർക്കാരിന് കത്ത് നൽകിയിട്ടും നടപടിയില്ല

സോഫ്റ്റ്‌വേർ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റബ്ബർ ബോർഡ് പലതവണ സർക്കാരിന് കത്ത് നൽകിയിട്ടും നടപടിയില്ല. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് (എൻ.ഐ.സി) സോഫ്റ്റ്‌വേറിന്റെ ചുമതല.