
നിരപരാധിത്വം തെളിയിക്കാൻ അഹമ്മദാബാദ് സൈബർ സെല്ലിൽ ഹാജരാവാൻ നിർദേശം
പട്ടാമ്പി: ഭിന്നശേഷിക്കാരിയുടെ അക്കൗണ്ട് അകാരണമായി മരവിപ്പിച്ചു. മാത്രമല്ല, ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഗുജറാത്തിലെ അഹമ്മദാബാദിലുളള സൈബർ സെല്ലിൽ ഹാജരാവാൻ നിർദേശവും.
കടലാസു കൊണ്ടുളള പേനകളും കുടയും നിർമ്മിച്ച് തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം വെക്കുന്ന ചെറിയ സംഖ്യ നിക്ഷേപിക്കുന്നതിനും അസംസ്‌കൃത വസ്തുക്കൾ വാങ്ങാനും വേണ്ടി ഉപയോഗിക്കുന്ന എസ്.ബി.ഐ കൊപ്പം ശാഖയിലെ അക്കൗണ്ടിൽ നിന്ന് പൈസ എടുക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച വിവരം മണ്ണേങ്ങോട് പ്രഭാപുരം മുണ്ടക്കാട്ടുതൊടി നൗഷിജ (35) എന്ന ഭിന്ന ശേഷിക്കാരി അറിയുന്നത്.
ബാങ്കിൽ അന്വേഷിച്ചപ്പോൾ കൊപ്പം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പറഞ്ഞു. സ്റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് അഹമ്മദാബാദ് സൈബർ സെല്ലിലെ കേസിന്റെ പേരിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് അറിയുന്നത്. 13,000 രൂപ മാത്രമാണ് നൗഷിജയുടെ അക്കൗണ്ടിലുളളത്. അജ്ഞാതമായ അക്കൗണ്ടിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് 3000 രൂപ വന്നതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചത്. വീട്ടിനുള്ളിൽ പോലും വീൽചെയറിൽ സഞ്ചരിക്കുന്ന ഇവരോട് അഹമ്മദാബാദിലെ സൈബർ സെല്ലിൽ ഹാജരായി നിരപരാധിത്വം ബോധിപ്പിക്കാനുള്ള നിർദേശം ഭിന്നശേഷി- മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന ആരോപണം ശക്തമാണ്.
സ്വയം അറിയാതെ നടക്കുന്ന സൈബർ തട്ടിപ്പ് കേസുകളിൽ ഇത്തരത്തിൽ സാധാരണക്കാരുടെ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അടുത്തിടെ ഉയർന്നിരുന്നത്. ഭിന്നശേഷിക്കാരായ വ്യക്തി എന്ന നിലയിൽ നൗഷിജയുടെ കാര്യത്തിൽ അധികൃതരിൽ നിന്ന് കൂടുതൽ മനുഷ്വത്വത്തോടെയും നീതിപൂർവ്വമായതുമായ ഇടപെടലുണ്ടാകാൻ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.