
മംഗലംഡാം: മംഗലംഡാം മലയോരമേഖലകളായ രണ്ടാംപുഴ, നേർച്ചപ്പാറ എന്നിവിടങ്ങളിൽ പതിവായി ഇറങ്ങുന്ന കാട്ടാനകളെ വനംവകുപ്പ് ഓടിക്കാൻ ശ്രമിച്ചിട്ടും കാടുകയറാതെ കാട്ടാനകൾ. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ രണ്ടാംപുഴയിൽ കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. മാറാട്ടുകുളം കുഞ്ഞുമോന്റെ വാഴക്കൃഷിയാണ് നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റുമുള്ള സോളാർ വൈദ്യുതവേലി തകർത്താണ് ആനകൾ ഉള്ളിൽ കടന്നത്.
കാട്ടാനകൾ കടപ്പാറ മംഗലംഡാം റോഡിലും എത്തി. ഇതോടെ യാത്രക്കാരും ഭീതിയിലാണ്. മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.എ.മുഹമ്മദ് ഹാഷിം, ഫോറസ്റ്റ് ഓഫീസർ ബി.സജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ വനപാലകർ കാട്ടാനകളെ ഓടിച്ചെങ്കിലും വനാതിർത്തിയിലെത്തി നിന്നു. തുടർന്ന് പടക്കം പൊട്ടിച്ചിട്ടും ആന ഉൾക്കാട്ടിലേക്ക് കയറിയില്ല.
പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം ആനകൾക്ക് പരിചിതമായതോടെ ഭയം മാറിയതായാണ് വനംവകുപ്പിന്റെ നിഗമനം. വനാതിർത്തിയിൽ സോളാർ വേലികൾ സ്ഥാപിച്ച് ആനകൾ കാടിറങ്ങിവരുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടാംപുഴയിൽ ആനയിറങ്ങിയ ഭാഗത്ത് കെ.ഡി.പ്രസേനൻ എം.എൽ.എ സന്ദർശിച്ചു.
സോളാർ വേലികൾ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ നെന്മാറ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. കാട്ടാനശല്യത്തിന് താത്കാലിക പരിഹാരം കാണുന്നതിനായി കൂടുതൽ വനപാലകരെ ഉൾപ്പെടുത്തി കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.