
വടക്കഞ്ചേരി: കുതിരാനിൽ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്ക പാതകൾ അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്ക പാതയിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടുന്നത്. ഇതുമൂലം ഗതാഗത കുരുക്ക് പതിവാണ്. തുരങ്കത്തിനുള്ളിലെ ഒറ്റവരി പാതയിൽ ഏതെങ്കിലും വാഹനങ്ങൾ കേടുവന്നു കിടന്നാൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.
കൊമ്പഴ മമ്മദ്പടിയിലും ചെറിയ റിപ്പയർ വർക്കുകൾ നടത്തിയാൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാനാകും. ക്ഷേത്രം വഴിയുള്ള വഴി തുറന്നാൽ പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് ക്ഷേത്രം വഴിയുള്ള പഴയ ദേശീയപാതയും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് വലത് തുരങ്കപാതയിലൂടെയും കുരുക്കില്ലാതെ കടന്നുപോകാം. തുരങ്ക പാതകൾക്കുള്ളിൽ അപകടങ്ങളും വാഹന കുരുക്കുകളും ഉണ്ടാകുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് ഒഴിവാക്കാൻ ഒരു ബദൽ മാർഗം എന്ന നിലയിൽ പഴയ റോഡ് നിലനിർത്തേണ്ടതും ആവശ്യമാണ്. ക്ഷേത്രം വഴിയുള്ള റോഡ് നേരത്തെ വീതി കൂട്ടി ടാറിംഗ് പൂർത്തിയാക്കിയിട്ടുള്ളതിനാൽ കാര്യമായ പണികൾ ഇല്ലാതെ തന്നെ റോഡ് തുറന്നു കൊടുക്കാൻ കഴിയും. പന്നിയങ്കരയിൽ കൂടിയ നിരക്കിൽ ടോൾ കൊടുത്ത് പോകുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത് വലിയ പ്രതിക്ഷേധമാണ് ഇപ്പോൾ ഉണ്ടാക്കുന്നത്.
അറ്റകുറ്റപ്പണികൾ തീരാൻ നാലുമാസം
തുരങ്കത്തിനുള്ളിൽ മുകൾഭാഗത്ത് ഗാൻട്രി കോൺക്രീറ്റിംഗ് വർക്കുകളാണ് നടക്കുന്നത്. മഴക്കാലത്ത് തുരങ്കത്തിനുള്ളിൽ ചോർച്ച ഉണ്ടായത് അപകട സാധ്യത ഉണ്ടാക്കുന്നതാണെന്ന് കണ്ടെത്തലിലാണ് തുരങ്കപാതയുടെ മുകൾഭാഗം കൂടുതൽ ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികൾ നടത്തുന്നത്. ക്ഷേത്രം വഴിയുള്ള പഴയ റോഡ് വാഹനഗതാഗതത്തിന് തുറന്നുകൊടുക്കാൻ കാര്യമായ പണികൾ വരുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രം റോഡിലേക്ക് കയറാൻ 100 മീറ്റർ ദൂരത്തിൽ റോഡ് ചെരിച്ച് നിർമ്മിക്കണം. അറ്റകുറ്റപ്പണികൾ തീർക്കാൻ നാലുമാസമെങ്കിലും സമയമെടുക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്.