pongal

പാലക്കാട്: കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനു വേണ്ടി തമിഴ് ജനത ആചരിച്ചു വരുന്ന പൊങ്കൽ ഉത്സവത്തിന് തുടക്കമായി. കിഴക്കൻ അതിർത്തി ഗ്രാമങ്ങളും തൈ പൊങ്കലിനെ വരവേൽക്കാൻ ഒരുങ്ങി. തമിഴ് സംസ്‌കാരവുമായി ഇഴുകിച്ചേർന്ന ചിറ്റൂരിന്റെ കിഴക്കൻമേഖലയിലെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി,​ കൊല്ലങ്കോട്,​ അട്ടപ്പാടി ആനക്കട്ടി മുതൽ മുതലമട ചെമ്മണാമ്പതിവരെയുള്ള ഗ്രാമങ്ങളിൽ തമിഴ് തിരുനാൾ എന്നറിയപ്പെടുന്ന പൊങ്കൽ വലിയ ഉത്സവമാണ്. കാപ്പുകെട്ടൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, പൂപ്പൊങ്കൽ എന്നിങ്ങനെ നാലു ദിവസങ്ങളിലായാണ് ആഘോഷം നടക്കുന്നത്.

തമിഴ് ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമായ പൊങ്കലിന്റെ ഭാഗമായി വീടുകൾ അലങ്കരിച്ച്, പശുത്തൊഴുത്ത്, കളപ്പുരകൾ എന്നിവ നിറങ്ങൾ പൂശി ഭംഗിയാക്കി. പഴയതെല്ലാം നശിപ്പിച്ച് വീടുകളിൽ പുതിയതായി വാങ്ങി ശേഖരിക്കുന്ന പോഗി പൊങ്കലാണ് ആദ്യം നടന്നത്. കാപ്പുകെട്ടലോടെ ആരംഭിച്ച പൊങ്കൽ ഉത്സവത്തിൽ ഇന്ന് തൈപ്പൊങ്കൽ ആഘോഷിക്കും. നാളെ മാട്ടുപ്പൊങ്കൽ, ബുധനാഴ്ച പൂപ്പൊങ്കൽ ആഘോഷിക്കും. കർഷകരാണ് മാട്ട് പൊങ്കൽ മികച്ച രീതിയിൽ നടത്തുന്നത്. കാലാവസ്ഥയും വിളയും നല്ല രീതിയിൽ തുടർന്നുള്ള ദിവസങ്ങളിൽ നടക്കണമെന്ന പ്രാർഥനയിലൂടെയാണ് പ്രകൃതിയുമായി മനുഷ്യരുടെ ബന്ധം ഊട്ടിയുറപ്പിക്കലിന്റെ പൊങ്കൽ ആഘോഷം നടത്തി വരുന്നത്.

 തൈപ്പൊങ്കൽ

ഇന്ന് തൈപ്പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് വീടുകളിൽ പൊങ്കൽവെപ്പ് നടക്കും. കർഷകർ വീടിനുപുറത്ത് പ്രത്യേകമായി മണ്ണുകൊണ്ട് നിർമ്മിച്ച അടുപ്പിൽ സൂര്യനുദിക്കുന്ന സമയത്ത് സൂര്യന് അഭിമുഖമായി ഇരുന്നുകൊണ്ടാണ് പൊങ്കൽവെയ്ക്കുന്നത്. പച്ചരിപ്പൊങ്കൽ, ശർക്കരപ്പൊങ്കൽ എന്നിങ്ങനെ വിവിധതരത്തിലുള്ള പൊങ്കൽ വെയ്ക്കും. സൂര്യദേവന് നന്ദിസൂചകമായാണ് ഇത് വെയ്ക്കുന്നത്.

 മാട്ടുപ്പൊങ്കൽ

ചൊവ്വാഴ്ചയാണ് മാട്ടുപ്പൊങ്കൽ. ഭൂമിദേവിയെയും കന്നുകാലികളെയും ആദരിക്കുന്ന ചടങ്ങാണ് മാട്ടുപ്പൊങ്കൽ. മാടുകളെ കുളിപ്പിച്ച് പട്ടുവസ്ത്രങ്ങൾ അണിയിച്ച് വയലിലെത്തിച്ച് നിവേദ്യം നൽകും. തുടർന്ന് ഗോപൂജ നടത്തും.

 പൂപ്പൊങ്കൽ

ആഘോഷത്തിന്റെ മുഖ്യയിനമായ പൂപ്പൊങ്കൽ ബുധനാഴ്ച നടക്കും. മണ്ണുകൊണ്ട് ദൈവവിഗ്രങ്ങളുണ്ടാക്കി കുളങ്ങളിലും പുഴയിലും ഒഴുക്കാനായി കുമ്മിയടിച്ച് എത്തുന്ന സ്ത്രീക്കൂട്ടായ്മയിൽ നടക്കുന്ന ആഘോഷത്തോടെയാണ് പൊങ്കലുത്സവം സമാപിക്കുന്നത്.