 
ഒറ്റപ്പാലം: ഇരുപത്തിയഞ്ചിൽ പരം നെല്ലിനങ്ങളെ നട്ട് വിളവിന്റെ നൂറുമേനി പരീക്ഷിക്കുകയാണ് കവളപ്പാറ കാരക്കാട് പാടശേഖരത്തിലെ ഒരുകൂട്ടം കർഷകർ. യുവകർഷകനായ ചേലക്കാട്ട് തൊടി ബിജു (43) വാണ് പരീക്ഷണകൃഷികൾക്ക് നേതൃത്വം നൽകുന്നത്. വർഷങ്ങളായി തരിശുകിടന്ന ഇവിടത്തെ 135 ഏക്കർ പാടഭൂമി കൃഷിയോഗ്യമാക്കിയാണ് ബിജുവടക്കമുള്ള കർഷകർ പരീക്ഷണകൃഷി സജീവമാക്കുന്നത്. രണ്ട് വിളകളിലായി 25ലധികം നെൽ വിത്തിനങ്ങൾ കൃഷിചെയ്യുന്നുണ്ട്. പുതുനെൽവിത്തുകൾ പരീക്ഷിക്കുന്നതിനൊപ്പം പരമ്പരാഗത നെൽവിത്തിനങ്ങളെ സംരക്ഷിക്കുന്നതിനും യുവാക്കളെ പാടങ്ങളിലേക്കും നെൽകൃഷിയിലേക്കും ആകർഷിക്കുന്നതിനും നെൽകൃഷി ലാഭകരമാക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങളാണ് ഇത്തരം പരീക്ഷണങ്ങൾക്ക് പിന്നിലെന്ന് ബിജു പറയുന്നു.
ഉമ, ജ്യോതി, കാഞ്ചന, മട്ട, ത്രിവേണി, മനുരത്ന, പൊന്മണി, സിഗപ്പി, രക്തശാലി, നവര, ചുകന്ന നവര, അടുക്കൻ മട്ട, കലാമല്ലി, കൃഷ്ണ കോമോദ്, ഗന്ധകശാല, ജീരകശാല, സിന്ധു, ലൗലി, കല്യാണിവയലറ്റ്, ദാബരശാല, പൗർണമി, ആസാംബ്ലാക്ക്, വെള്ളരി തുടങ്ങി ഓലകൾ വിവിധ നിറത്തിലും രൂപത്തിലും ഉള്ള നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്.
കാരക്കാട് കുമ്മിണിപ്പാടത്തെ 'ദാബറശാല' നെൽകൃഷി കറുത്ത നിറത്തിലുള്ള നെൽപ്പാടത്തിന്റെ വേറിട്ട കാഴ്ചയൊരുക്കുന്നു. ദാബറശാല കണ്ടാൽ നെൽകൃഷി ഉണങ്ങിയതാണോ എന്ന സംശയമുദിക്കും. അടുത്തെത്തി നോക്കിയാൽ ഇതു കറുപ്പ് നിറത്തിലുള്ള നെൽപാടത്തിന്റെ വേറിട്ട സൗന്ദര്യം ആസ്വദിപ്പിക്കും. കാരക്കാട് ഫ്രൺഡ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് സെക്രട്ടറി കൂടിയായ ബിജു യുവാക്കളെ നെൽകൃഷിയിലേക്ക് ആകർഷിക്കുന്നതിന് പ്രത്യേക താത്പര്യമെടുത്ത് പ്രവർത്തിക്കുന്നു.