
പാലക്കാട്: സന്ധ്യമയങ്ങിയാൽ നഗരത്തിൽ പലയിടത്തും ആശങ്കയുടെ ഇരുൾപടരും. കോട്ടമൈതാനം മുതൽ ഐ.എം.എ ജംഗ്ഷൻ വരെയും വനിതാ -ശിശു ആശുപത്രി റോഡിലും തെരുവ് വിളക്കുകൾ പലതും കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ. റെയിൽവേ മേൽപ്പാലത്തും പാലത്തിന് താഴെയും വെളിച്ചമില്ലാതായിട്ട് നാളേറെയായി. പ്രദേശവാസികളും വ്യാപാരികളും പരാതിയുമായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും നാളിതുവരെയായി നടപടിയായില്ല. ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്ന് നഗരസഭ ആവർത്തിക്കുമ്പോഴും എപ്പോൾ എന്നതിന് മാത്രം ഉത്തരമില്ല. ഇനിയുമെത്രനാൾ ഇരുട്ടിൽ കഴയണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
റോഡിന് വശങ്ങളിലുള്ള കടകളിൽനിന്ന് വരുന്ന വെളിച്ചമാണ് പലയിടത്തും ഏക ആശ്വാസം. ബസ് സ്റ്റോപ്പുകളടക്കമുള്ളവ ഇരുട്ടിലാണ്. ലക്ഷങ്ങൾ മുടക്കി ഹൈമാസ് ലൈറ്റും സ്ട്രീറ്റ് ലൈറ്റുമെല്ലാം സ്ഥാപിച്ചിട്ടുണ്ടെങ്കിലും യഥാസമയം നവീകരണം നടത്താത്തതിനാൽ പലതും പ്രവർത്തന രഹിതമാണ്. അടിയന്തരമായി തെരുവു വിളക്കുകൾ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെളിച്ചം കാണാതെ പുത്തൂർ
പുത്തൂർ ചന്ത ജംഗ്ഷനിൽ അന്തിമയങ്ങിയാൽ തെരുവ് വിളക്ക് പ്രകാശിക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്. പാലക്കാട് നഗരത്തിലേക്കും മലമ്പുഴ, പുത്തൂർ അമ്പലം, കൽപ്പാത്തി എന്നിവിടങ്ങളിലേക്കുള്ള പാതകൾ കൂടിച്ചേരുന്ന ജംഗ്ഷനാണ് ഈ ദുരവസ്ഥ. വെളിച്ചക്കുറവ് രാത്രികാലങ്ങളിൽ അപകടങ്ങൾ വർദ്ധിക്കാനും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കുകയോ ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
റസിഡന്റ്സ് കോളനികളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലത്ത് തിരക്ക് കൂടുതലാണ്. മലമ്പുഴയ്ക്ക് പോകാൻ വിനോദ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന വഴി കൂടിയായതിനാൽ മിക്കസമയത്തും വാഹനത്തിരക്കേറെയാണ്. കൂടാതെ എല്ലാ ആഴ്ചകളിലും ജംഗ്ഷനിൽ റോഡിനിരുവശത്തും ചന്തയും നടക്കാറുണ്ട്. റേഡരികിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഉപയോഗിച്ചാണ് പലപ്പോഴും കച്ചവടക്കാർ കച്ചവടം നടത്തുന്നത്. ജംഗ്ഷനിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും നിലവിൽ പ്രവർത്തന രഹിതമാണ്. ലൈറ്റ് ഫ്യൂസായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അത് മാറ്റാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നഗരസഭയ്ക്കാണ് തെരുവ് വിളക്കുകളുടെ മെയിന്റനൻസിന്റെ ഉത്തരവാദിത്തം.
നഗരത്തിലെ വിവിധ പാർക്കുകൾ ഉൾപ്പെടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി വൈകുന്നത്. നഗരഹൃദയത്തിൽ മൈതാനമടക്കം മിക്കയിടങ്ങളിലും സ്വകാര്യ പങ്കാളിത്തത്തോടെ കഫ്റ്റീരിയകളടക്കം പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് ശ്രമം
--- നഗരസഭ അധികൃതർ.