road

വടക്കഞ്ചേരി: ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വാളയാർ -വടക്കഞ്ചേരി ആറുവരിപ്പാതയ്ക്കായി ഇനിയും പത്തുവർഷമെങ്കിലും കാത്തിരിക്കണം. 2020-ൽ ദേശീയപാതാ അതോറിറ്റി ആറുവരിക്കായി പഠനം നടത്തുകയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തെങ്കിലും നിർമ്മാണം ഉടനുണ്ടാകില്ല. നിലവിലുള്ള നാലുവരിപ്പാതയുടെ ടോൾപിരിവ് കാലാവധി 2033 വരെ ഉള്ളതാണ് കുരുക്കാകുന്നത്.

ടോൾപിരിവ് കാലാവധി തീരുംമുമ്പ് നിർമ്മാണം തുടങ്ങണമെങ്കിൽ നിലവിലുള്ള കരാർ റദ്ദാക്കണം. നാലുവരിപ്പാതയിൽ ടോൾപിരിവ് ആരംഭിക്കുമ്പോൾ റോഡിന്റെ ചുമതല നിർമ്മാണം പൂർത്തിയാക്കിയ കെ.എൻ.ആർ.സി കമ്പനിക്കായിരുന്നെങ്കിലും പിന്നീട് ക്യൂബ് ഹൈവേയ്സ് എന്ന കമ്പനിക്ക് കൈമാറി. ഇവരുമായുള്ള കരാർ റദ്ദാക്കാൻ നിയമപരമായ തടസങ്ങളേറെയായതിനാലാണ് ആറുവരിപ്പാതാ നിർമ്മാണം നീട്ടിവെയ്ക്കുന്നതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.
നാലുവരിപ്പാതയ്ക്ക് ഉൾക്കൊള്ളാവുന്ന വാഹനത്തിരക്ക് മാത്രമേ നിലവിൽ വാളയാർ വടക്കഞ്ചേരി പാതയിലുള്ളൂവെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു. പ്രധാന ജംഗ്ഷനുകളായ ആലത്തൂർ, കുഴൽമന്ദം, കാഴ്ചപ്പറമ്പ് എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന മേൽപ്പാതകൾ ആറുവരിയായതിനാൽ ഈ പ്രദേശത്തെ തിരക്കൊഴിവാകുമെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ ചൂണ്ടിക്കാട്ടി.

 തിരിച്ചടിയാകുന്നത് പ്രദേശവാസികൾക്ക്

ആറുവരിപ്പാതാ നിർമ്മാണം നീളുന്നത് ദേശീയപാതയോരത്തുള്ള താമസക്കാരെയാണ് ബാധിക്കുക. വാളയാറിനും വടക്കഞ്ചേരിക്കുമിടയിൽ നാലുവരിപ്പാതയ്ക്കു സമാന്തരമായി മുഴുവൻ ദൂരത്തിലും സർവീസ് റോഡില്ലാത്തതിന്റെ പ്രയാസം പ്രദേശവാസികൾ വർഷങ്ങളായി അനുഭവിക്കുകയാണ്. ഇടറോഡുകളിൽനിന്ന് നേരിട്ട് ദേശീയപാതയിലേക്ക് കടക്കുമ്പോൾ അപകടങ്ങൾ പതിവാണ്.

സർവീസ് റോഡില്ലാത്തതിനാൽ തെറ്റായ ദിശയിലൂടെ യാത്രചെയ്യേണ്ടിവരികയോ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുകയോ ചെയ്യേണ്ട സ്ഥിതിയുമുണ്ട്. വടക്കഞ്ചേരി മുതൽ പാലക്കാടുവരെയുള്ള ഭാഗത്ത് മേൽപ്പാലങ്ങളുള്ള ഇടങ്ങളിൽ മാത്രമാണ് സർവീസ് റോഡുള്ളത്. മരുതറോഡുമുതൽ പുതുശ്ശേരിവരെയും ചുള്ളിമട ഭാഗത്തും സർവീസ് റോഡില്ല. റോഡിനുകുറുകെ കടക്കാനുണ്ടായിരുന്ന നിരവധി വഴികൾ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ദേശീയപാതാ അതോറിട്ടി അടുത്തകാലത്ത് അടച്ചതോടെ യാത്രക്ലേശം ഇരട്ടിയായി.