
പാലക്കാട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പൂർണ ഉടമസ്ഥാവകാശം നഗരസഭയ്ക്കായി നിലനിർത്തിക്കൊണ്ട് കായികവകുപ്പിൽ നിന്നും ലഭിക്കുന്ന 40 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ സ്റ്റേഡിയത്തിൽ നടപ്പാക്കാൻ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. സ്റ്റേഡിയത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും ഭാവിയിൽ സ്റ്റേഡിയത്തിൽ നിർമ്മിക്കാവുന്ന കടമുറികളിൽ നിന്നുള്ള വരുമാനവും നഗരസഭയ്ക്ക് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ആവശ്യമായ തുക നഗരസഭയുടെയും കായിക വകുപ്പിന്റെയും പേരിൽ സംയുക്ത അക്കൗണ്ട് രൂപീകരിച്ച് അതിൽ നിക്ഷേപിച്ച് ഈ തുക ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ പരിപാലനവും ശുചീകരണത്തിനുമായി ഉപയോഗിക്കാം എന്നും യോഗത്തിൽ നിർദ്ദേശം ഉണ്ടായി.
ഈ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ നഗരസഭ കൗൺസിൽ എന്നിവടങ്ങളിൽ ചർച്ചചെയ്ത് അനുകൂല തീരുമാനത്തിനായി ശ്രമിക്കുമെന്ന് യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. അനുകൂലമായ തീരുമാനമുണ്ടായാൽ മൂന്നുമാസത്തിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ നഗരസഭയിൽ സ്റ്റേഡിയം നവീകരണത്തിനായി മാസ്റ്റർ പ്ലാനുണ്ട്. ഇത് പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തി 40 കോടി രൂപയ്ക്ക് അകത്ത് വരുന്ന നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി ഡി.പി.ആർ തയ്യാറാക്കും. വളരെ കാലമായി പാലക്കാട്ടുകാർ കാത്തിരുന്ന ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരത്തിനുള്ള വഴി തുറന്നിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ അഭിപ്രായപ്പെട്ടു.
മന്ത്രിമാരായ അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.പ്രേംകുമാർ എം.എൽ.എ, കായിക വകുപ്പ് സെക്രട്ടറി പ്രണവ് ജ്യോതി നാഥ്, കായിക വകുപ്പ് ഡയറക്ടർ രാജീവ് കുമാർ ചൗധരി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ, ഓൺലൈനായി പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, നഗരസഭാ സെക്രട്ടറി ടി. അജീഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.