
വടക്കഞ്ചേരി: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡ്രൈവർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ബസ് ഓടിക്കാൻ ആളില്ലാത്തതിനാൽ ട്രിപ്പുകൾ റദ്ദാക്കുന്നത് പതിവായി. പാലക്കാട് ഡിപ്പോയിൽ 203 ഡ്രൈവർമാർ വേണ്ട സ്ഥാനത്ത് 196 പേരാണു നിലവിൽ ഉള്ളത്.
വടക്കഞ്ചേരിയിൽ 42 സ്ഥിരം ഡ്രൈവർമാരും 9 ബദൽ ഡ്രൈവർമാരുമാണുള്ളത്. എന്നാൽ ഡിപ്പോ സുഗമമായി പ്രവർത്തിക്കാൻ 62 പേർ വേണം. 59 പേരെ ആവശ്യമുള്ള മണ്ണാർക്കാട് ഡിപ്പോയിൽ 53 സ്ഥിരം ഡ്രൈവറും അഞ്ച് ബദലി ഡ്രൈവർമാരുമുണ്ട്. 75 ഡ്രൈവർമാരെങ്കിലും വേണ്ട ചിറ്റൂർ ഡിപ്പോയിലുള്ളത് 69 പേർ. 62 സ്ഥിരം ആളുകളും 7 ബദലിഡ്രൈവറും. പലയിടത്തും ആളുകളുടെ കുറവിനു പുറമേ അവധി കൂടി വരുന്നതോടെ പ്രവർത്തനം തടസപ്പെടും. ചിലർ ദീർഘകാല മെഡിക്കൽ അവധിയും എടുക്കാറുണ്ട്. പുതിയ റൂട്ടുകളും ബസുകളും വിഭാവനം ചെയ്യണമെങ്കിലും ആവശ്യത്തിനു ഡ്രൈവർമാർ വേണം. ചില ഡിപ്പോകളിൽ കണ്ടക്ടർമാരുടെ എണ്ണവും കുറവാണ്.