
രാജ്യത്തിന്റെ മാമ്പഴ മധുരത്തിന്റെ വഴിയിൽ മാറ്റിവയ്ക്കാനാവാത്ത പേരാണ് മുതലമട എന്ന മാംഗോ സിറ്റിയുടേത്. രാജ്യത്ത് മാവുകൾ പൂവിടുന്നതിന് വളരെ മുമ്പ് തന്നെ മുതലമടയിലെ മാവുകൾ പൂവിടുന്നു എന്നതിനാൽ വിപണിയിൽ ആദ്യമെത്തുന്ന മാമ്പഴം എന്ന നിലയിൽ മികച്ച വിലയും കിട്ടിയിരുന്നു. ഈ വർഷം മാവുകൾ പതിവുപോലെ പൂത്തുവെങ്കിലും പൂവുകൾക്ക് കായായി മാറാൻ കഴിഞ്ഞില്ല എന്നത് കർഷകരെ ആശങ്കയിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൊണ്ട് പ്രദേശത്തെ പാരിസ്ഥിതിക ജൈവ ഘടനയിലുണ്ടായ മാറ്റം മൂലം ഇലപ്പേൻ തുടങ്ങിയ കീടങ്ങളുടെ വ്യാപനം വർദ്ധിച്ചത് കർഷകർക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
ഒഴിഞ്ഞുകിടക്കുന്ന
സംഭരണ കേന്ദ്രങ്ങൾ
കാലാവസ്ഥ വ്യതിയാനം, മാംഗോ സിറ്റിയിൽ വിളവെടുപ്പിന് മാങ്ങകളില്ല. മാന്തോപ്പുകളിൽ മാങ്ങയില്ലതായതോടെ കർഷകരും വ്യാപാരികളും കടുത്ത ആശങ്കയിലാണ്. ലക്ഷങ്ങൾ മുടക്കി തോട്ടം പാട്ടത്തിനെടുത്ത വ്യാപാരികൾക്ക് ഈ സീസണിൽ മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാവുമോ എന്നുപോലും ഉറപ്പില്ല. മുതലമട പഞ്ചായത്തിൽ രണ്ടായിരത്തോളം കർഷകരുടേതായി ആറായിരത്തോളം ഹെക്ടർ സ്ഥലത്ത് മാവ് കൃഷി ചെയ്യുന്നുണ്ട്. ഉത്തരേന്ത്യൻ വിപണികളിലേക്ക് പ്രതിദിനം 100 - 150 ടൺ മാങ്ങ കയറ്റി അയച്ചിരുന്ന സ്ഥാനത്തു അതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇക്കുറി കയറ്റി അയയ്ക്കാൻ സാദ്ധ്യത. ജനുവരി മുതൽ മേയ് അവസാനം വരെ നീളുന്ന മാമ്പഴക്കാലത്ത് വ്യാപാരികളും തൊഴിലാളികളും നിറഞ്ഞ് ഏറെ സജീവമായിരുന്ന സംഭരണ കേന്ദ്രങ്ങൾ ഏറെയും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തവണ നവംബർ പകുതിയോടെ തന്നെ മാവുകൾ പൂക്കുകയും തളിരിടുകയും ചെയ്തിരുന്നു. ഇത് കർഷകർക്ക് ഏറെ പ്രതീക്ഷയും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഡിസംബർ പകുതിയോടെ ഇവ കൊഴിഞ്ഞു പോവുകയും കരിയുകയും ചെയ്തു. അതിനുശേഷം പൂത്ത പൂവിനെ പരിചരിച്ചെങ്കിലും ഭൂരിഭാഗവും വീണ്ടും കൊഴിഞ്ഞുപോവുകയായിരുന്നു. അതിർത്തി പ്രദേശമായ ചെമ്മാണാംപതി മുതൽ എലവഞ്ചേരി വരെയുള്ള ഒട്ടുമിക്ക മാവിൻ തോട്ടങ്ങളിലും സമാനസ്ഥിതിയാണ്. കാലാവസ്ഥ വ്യതിയാനത്തോടൊപ്പം തേനടിയും ഇലപ്പേൻ ആക്രമണം പോലെയുള്ള കീടബാധയും ഈ ജനുവരിയിൽ മാങ്ങ തീരെയില്ലാതാകാൻ കാരണമായിട്ടുണ്ട്. മാങ്ങയ്ക്ക് ആവശ്യത്തിനു വലിപ്പം ഇല്ലാതായാൽ ഉത്തരേന്ത്യൻ വിപണികളിൽ തിരിച്ചടിയാകും. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു മാങ്ങ എത്തിത്തുടങ്ങിയാൽ വിലയിടിവും സംഭവിക്കും.
15000 പേർക്ക്
തൊഴിൽ
പാലക്കാടൻ ചുരത്തിലെ കാലാവസ്ഥയുടെ അനുഗ്രഹം കൊണ്ട് രാജ്യത്ത് ആദ്യം കായ്ക്കുകയും വിപണിയിലെത്തുകയും ചെയ്യുന്ന മാങ്ങ മുതലമടയിൽ നിന്നാണ്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി ഒക്ടോബർ അവസാനം പൂവിടുകയും ഡിസംബർ അവസാനമോ ജനുവരി ആദ്യമോ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നതിനാൽ രാജ്യത്തിനകത്തെയും പുറത്തെയും വിപണികളിൽ നല്ല വില ലഭിക്കാറുണ്ട്. ആദ്യം വിളവെടുക്കുന്ന ഭൂരിഭാഗവും കയറ്റുമതി ചെയ്യുകയാണു പതിവ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മാങ്ങ വരവു തുടങ്ങുന്ന ഏപ്രിൽ പകുതിയാകുമ്പോഴേക്കും ഇവിടത്തെ സീസൺ അവസാനിക്കും.
തോട്ടം നനയ്ക്കൽ, പരിപാലനം, മാങ്ങ പറിക്കൽ, വേർതിരിക്കൽ, പാക്കിംഗ് എന്നിവയിലായി ഓരോ സീസണിലും 10000 - 15,000 പേർക്കു തൊഴിൽ നൽകുന്നു മാംഗോ സിറ്റി. മാമ്പഴം രാജ്യത്തിനകത്തെ വിപണികളിൽ എത്തിക്കുന്നതിന് നൂറുകണക്കിനു കരാറുകാർ ഉണ്ട്. 50ഓളം അംഗീകൃത കയറ്റുമതിക്കാരും രാജ്യാന്തര വിപണി ലക്ഷ്യമിട്ട് തൊഴിൽ ചെയ്യുന്നു. മാമ്പഴ വ്യാപാരത്തിലൂടെയുള്ള ഒരു സീസണിലെ വരവ് 600 കോടി രൂപയിലേറെയാണ്. ഒരു ലക്ഷം ടണ്ണിനടുത്താണ് ഒരു സീസണിലെ മാങ്ങ ഉത്പാദനം. എൻഡോസൾഫാൻ, കാർബൈഡ് വിവാദങ്ങൾ മാംഗോസിറ്റിക്കു മേൽ കരിനിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ, ഈ കറകൾ തുടച്ചു മുന്നേറാൻ ശ്രമിക്കുമ്പോഴാണു പുതിയ വെല്ലുവിളി.
ശാസ്ത്രജ്ഞന്റെ
സേവനം ലഭ്യമാക്കണം
കർഷകരെ സഹായിക്കാൻ കഴിയുന്ന വിധത്തിൽ മാവ് കൃഷിയിൽ വൈദഗ്ദ്ധ്യമുള്ള ശാസ്ത്രജ്ഞന്റെ സേവനം ലഭ്യമാക്കണമെന്ന മുതലമടയിലെ കർഷക ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. തേനടിയും ഇലപ്പേനും നിയന്ത്രിക്കാൻ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ മുതലമടയിൽ സ്ഥിരമായി ശാസ്ത്രജ്ഞൻ ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പ് നാളിതുവരെയായി നടപ്പായിട്ടില്ല. മുതലമട മാംഗോ പാക്കേജിന്റെ ഭാഗമായി വിദഗ്ദ്ധനെ നിയോഗിച്ചെങ്കിലും അധിക കാലമുണ്ടായില്ല. കാർഷിക സർവകലാശാലയിൽ നിന്നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുമുള്ള വിദഗ്ദ്ധരാണ് ഇടയ്ക്ക് ഇവിടെയെത്തി നിർദ്ദേശം നൽകുന്നത്. എന്നാൽ മാന്തോപ്പുകളെ ക്ലസ്റ്റർ ആയി തിരിച്ചു കാലാവസ്ഥയ്ക്കും മണ്ണിനും അനുസൃതമായി കീട നിയന്ത്രണവും മണ്ണു പരിപാലനവും നടത്തണം. അതിനു കാലാവസ്ഥാ പഠനത്തിനുള്ള സൗകര്യവും മുതലമടയിൽ തന്നെ ഉണ്ടാകണമെന്ന കർഷക ആവശ്യം അധികൃതർ കാണുന്നില്ല.
വരൾച്ചയ്ക്കു പകരം
വന്ന മാമ്പൂ വസന്തം
ചോളവും പരുത്തിയും പിന്നെ നിലക്കടലയും വിളഞ്ഞ മുതലമടയിലെ കൃഷിയിടങ്ങളെ 35 വർഷം മുൻപ് വരൾച്ചയുടെ വറുതി കയ്യടക്കി. കടലക്കാടുകളിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിയായതോടെ കടലക്കൃഷി ഉപേക്ഷിക്കാനും നിർബന്ധിരായി. വരുമാനത്തിനായി വീടിന്റെ തൊടിയിൽ നിന്ന മാവുകളിലെ മാങ്ങ പറിച്ചു വിറ്റു തുടങ്ങിയവരാണു മാവിൻ തോട്ടത്തിലേക്കും മാംഗോ സിറ്റിയിലേക്കും വഴി തെളിച്ചത്. വൻകിട കർഷകരിൽ ചിലർ കടലക്കാടുകളിൽ വിവിധയിനം മാവിൻതൈകൾ നട്ടുതുടങ്ങി. രണ്ടും മൂന്നും വർഷത്തിനിപ്പുറം മികച്ച വിളവും വരുമാനവും ലഭിച്ചതോടെ മാവു കൃഷിക്കു കൂടുതൽ പേർ മുന്നോട്ടു വന്നു.
അൽഫോൻസ
മുന്നിൽ
മുതലമടയുടെ മാമ്പഴപ്പെരുമയിൽ അൽഫോൻസ മാമ്പഴമാണു മുന്നിൽ. ഏറ്റവും കൂടുതൽ കൃഷിയും നാട്ടുകാർ ആപ്പൂസ് എന്നു വിളിക്കുന്ന അൽഫോൻസായാണ്. ദോത്താപുരി (കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപ്പശന്ത്, മല്ലിക, കാലാപ്പാടി, സുവർണരേഖ, ചക്കരക്കട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയോർ, റുമാനിയ എന്നിവയെല്ലാം ഇവിടെയുണ്ട്. രാജ്യാന്തര വിപണിയിൽ പെറു, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാങ്ങയോടാണു മത്സരം.
യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം അൽഫോൻസയ്ക്കാണ്. ബങ്കനപ്പള്ളിക്കും ആവശ്യക്കാരേറെയുണ്ട്. ദുബായ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ആവശ്യക്കാർ കൂടുതൽ ബങ്കനപ്പള്ളിക്കാണ്. ശെന്തൂരം, ദോത്താപുരി (കിളിച്ചുണ്ടൻ) എന്നിവയും പ്രിയപ്പെട്ടതാണ്. കാലാപാടി, ഹിമാപസന്ത് എന്നിവയ്ക്കു ഗൾഫ് മേഖലയിൽ ആവശ്യക്കാരുണ്ട്.