pepper

കുരുമുളക് ഉത്പാദനത്തിൽ 30 ശതമാനം ഇടിവ്.

 ജൂണിൽ മഴ ലഭിക്കാത്തത് വിളവിനെ ബാധിച്ചു.

ഒരു ചെടിൽ നിന്ന് ലഭിക്കുന്ന കുരുമുളക്ക് അഞ്ചു കിലോഗ്രാമായി കുറഞ്ഞു.

വടക്കഞ്ചേരി: പാലക്കുഴിയിൽ ഈ സീസണിലെ കുരുമുളക് വിളവെടുപ്പ് തുടങ്ങിയപ്പോൾ കർഷകർക്ക് നഷ്ടക്കണക്ക്. ഒരു കുരുമുളകു ചെടിയിൽനിന്ന് ഏഴുകിലോഗ്രാം കുരുമുളക് കിട്ടിയിരുന്നത് അഞ്ചു കിലോഗ്രാമായി കുറഞ്ഞതായി കർഷകർ പറഞ്ഞു.
പച്ചക്കുരുമുളകിന്റെ മൂന്നിലൊന്ന് തൂക്കമാണ് ഉണങ്ങുമ്പോൾ ലഭിക്കുക. കുരുമുളകിന് കിലോഗ്രാമിന് 580 രൂപ വിലയുണ്ടെങ്കിലും ഉത്പാദനം കുറതോടെ പ്രയോജനമില്ലാതായി.
കുരുമുളക് തിരിയിടുന്ന സമയമായ ജൂണിൽ മഴ ലഭിക്കാതിരുന്നതാണ് വിളവിനെ ബാധിച്ചതെന്ന് കർഷകനായ ചാർളി മാത്യു പറഞ്ഞു. ജൂലായിൽ മഴ ലഭിച്ചെങ്കിലും തിരികൾ കുറവായിരുന്നു. മൂന്നൂറോളം കുരുമുളക് കർഷകരാണ് പാലക്കുഴിയിലുള്ളത്. ഉത്പാദനം കുറഞ്ഞാലും കാടുവെട്ടലും വളമിടലും തുടങ്ങി പതിവ് കൃഷിപ്പണികൾ ചെയ്യുകയും വേണം. പരിചരണം കുറഞ്ഞാൽ അടുത്തവർഷത്തെ വിളവിനെ ബാധിക്കും. കുരുമുളകുകൃഷി പ്രോത്സാഹനത്തിനായി കിഴക്കഞ്ചേരി കൃഷിഭവനിൽനിന്ന് ലഭിക്കാറുണ്ടായിരുന്ന ആനുകൂല്യം മൂന്നുവർഷമായി ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു.