
ആലത്തൂർ: പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാവശ്ശേരി കല്ലേപ്പിള്ളി കെൽപാം ആധുനിക അരിമില്ലിൽ ട്രയൽ റണ്ണിന് സാദ്ധ്യത തെളിയുന്നു. നെല്ലറയിലെ കർഷകരെ രക്ഷിക്കാൻ ആലത്തൂരിൽ സ്ഥാപിച്ച മോഡേൺ റൈസ് മിൽ പൂട്ടിയതിനു പിന്നാലെ ആരംഭിച്ചതാണ് കാവശ്ശേരിയിലെ മോഡേൺ റൈസ് മിൽ. ആലത്തൂരിലേത് കൃഷിവകുപ്പിന് കീഴിലും കാവശ്ശേരിയിലേത് പട്ടികജാതിക്ഷേമ വകുപ്പിനു കീഴിലുമായിരുന്നു.
പട്ടികജാതി വികസന വകുപ്പ് അനുവദിച്ച 9.61 കോടി രൂപ വിനിയോഗിച്ചാണ് അരിമിൽ നിർമ്മാണം ആരംഭിച്ചത്. 2017ൽ ആദ്യം തയ്യാറാക്കിയ രൂപരേഖയിലെ പിഴവുമൂലം നിർമ്മാണം വൈകി.
2021 നവംബറിൽ 18,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം പൂർത്തിയായി. യന്ത്രങ്ങൾ സ്ഥാപിച്ചു. 2021 ഡിസംബറിൽ 90 ശതമാനം പണികളും പൂർത്തിയാക്കി ട്രയൽ റണ്ണിന് സജ്ജമാക്കിയെങ്കിലും നടന്നില്ല.
വൈദ്യുതി കണക്ഷനും ലൈസൻസും ഇതുവരെയായി ലഭിച്ചിട്ടില്ല. വൈദ്യുതി കണക്ഷനുള്ള കരുതൽ ധനം അടയ്ക്കാൻ വൈകിയാണ് തിരിച്ചടിയായത്. ഇതോടെയാണ് ട്രയൽ റണ്ണിനുള്ള നീക്കങ്ങൾ പാളിയത്.
വൈദ്യുതി കണക്ഷൻ നൽകുന്നതിനു മുമ്പ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വയറിംഗിലും ഉപകരണങ്ങളിലും ചില മാറ്റങ്ങൾ നടത്താനും നിർദേശിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. അഗ്നിരക്ഷാ വിഭാഗത്തിന്റെ നിബന്ധനകളും പാലിച്ചിരുന്നില്ല. ചുറ്റുമതിലും രണ്ടു വാഹനങ്ങൾ കടന്നപോകാനുള്ള പാതയും ഓഫീസ് സംവിധാനവും ഒരുക്കേണ്ടതുണ്ട്. പട്ടികജാതി വികസന വകുപ്പ് ഇതിനുള്ള ഫണ്ട് വൈകാതെ അനുവദിക്കുമെന്നാണു പ്രതീക്ഷ. തുടർപ്രവൃത്തികൾ പൂർത്തിയാക്കി മിൽ തുറക്കാനുള്ള നടപടികൾ വൈകാതെ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
ഫെബ്രുവരി അവസാനം പ്രത്യേക യോഗം ചേരും
അനുബന്ധ പ്രവൃത്തികൾക്കായി ഒന്നരക്കോടി രൂപ അനുവദിക്കുന്നതിനായി എസ്റ്റിമേറ്റ് സമർപ്പിച്ചുവെന്ന് പി.പി.സുമോദ് എം.എൽ.എ അറിയിച്ചു. ഫെബ്രുവരി അവസാനം എം.ഡി, ചെയർമാൻ, വകുപ്പ് ഉദ്യോഗസ്ഥർ, മന്ത്രി, എം.എൽ.എ എന്നിവർ പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മിൽ പ്രവർത്തനം ആരംഭിച്ചാൽ രണ്ടു ഷിഫ്റ്റുകളിലായി 48 ടൺ നെല്ല് അരിയാക്കാൻ കഴിയും. ഇതോടെ മേഖലയിലെ മുഴുവൻ നെല്ലും സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കടമ്പകൾ ഏറെ
വൈദ്യുതി സംബന്ധമായ പണികൾ പൂർത്തിയാക്കിയെന്ന സാക്ഷ്യപത്രം ലഭിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് അധികാരികൾ പരിശോധന നടത്തിപ്പോയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിലവാര വിഭാഗം ലൈസൻസ് നൽകിയിട്ടില്ല. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് പെർമിറ്റ് നൽകിയത് മാത്രമാണ് ഏക ആശ്വാസം. വ്യവസായ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയിൽ നിന്നുള്ള ലൈസൻസുകൾക്കും അനുമതികൾക്കും അപേക്ഷ നൽകിയിട്ടുണ്ട്.