dippo

ചിറ്റൂർ: സപ്ലൈകോ റേഷൻ ഡിപ്പോയിലെ കയറ്റിറക്കു തൊഴിലാളികൾക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് സപ്ലൈകോ കൊഴിഞ്ഞാമ്പാറ ഡിപ്പോയിലെ ചുമട്ടുതൊഴിലാളികൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലസമരത്തിന് നോട്ടീസ് നൽകി. സമര നോട്ടീസ് ലഭിച്ചതായും ജില്ല അസി: മാനേജർക്ക് കൈമാറിയതായും കൊഴിഞ്ഞാമ്പാറ ഡിപ്പോ അധികൃതർ പറഞ്ഞു.

എല്ലാ മാസവും നാലാം തിയ്യതി ലഭിക്കേണ്ടതായ ശമ്പളം ഈ മാസം അവസാനിക്കാറിയിട്ടും ലഭിച്ചിട്ടില്ല. അധികൃതരോട് പലവട്ടം സൂചിപ്പിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്തതാണ് തങ്ങളെ സമരത്തിന് നിർബ്ബന്ധിതരാക്കിയതെന്ന് തൊഴിലാളികൾ പറഞ്ഞു. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി എന്നീ സംഘടനകൾ സംയുക്തമായാണ് സമരം. ഇരുപതിനായിരത്തോളം രൂപ മാത്രമാണ് തൊഴിലാളികളുടെ മാസവരുമാനം. ഇതിനെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞുവരുന്നത്. ശമ്പളവിതരണം താളംതെറ്റിയതോടെ കുടുംബങ്ങൾ പട്ടിണിയിലായി. ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നിവ പരിഹരിക്കാനാകാതെ തൊഴിലാളികൾ വീർപ്പുമുട്ടുകയാണ്. കൊഴിഞ്ഞാമ്പാറ ഡിപ്പോയിലാണ് പണിമുടക്കിയിരിക്കുന്നതെങ്കിലും സംസ്ഥാനത്തെ എല്ലാ താലൂക്ക് ഡിപ്പോകളിലും പ്രശ്നം രൂക്ഷമാണ്.

എൻ.എഫ്.എസ്.എ കരാറുകാർ പണം അടച്ചാൽ മാത്രമെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയുകയുള്ളൂ എന്നതാണ് സപ്ലൈകോ അധികൃതർ പറയുന്നത്. എന്നാൽ സർക്കാറിൽ നിന്ന് തങ്ങൾക്കു 30 കോടിയിൽപ്പരം രൂപ ലഭിക്കാനുണ്ട്. അത് ലഭ്യമായെങ്കിൽ മാത്രമെ ചുമട്ടുതൊഴിലാളികൾക്കുള്ള സംഖ്യ അടയ്ക്കാൻ സാധിക്കു എന്ന നിലപാടാണ് കരാറുകാരുടേത്. ഇതിനിടയിൽ പെട്ട് നട്ടംതിരിയുന്നത് പാവം തൊഴിലാളികളും.



കൊഴിഞ്ഞാമ്പാറ ഡിപ്പായിലെ പണിമുടക്ക് തുടർന്നാൽ അടുത്ത മാസത്തേക്കുള്ള ഭക്ഷ്യധാന്യം സ്റ്റോക്ക് ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. ഈ മാസത്തെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണം സുമാർ പൂർത്തിയായിട്ടുണ്ട്. 20 ഓളം റേഷൻ ഷോപ്പുകളിൽ ഭാഗികമായി മാത്രം വിതരണം പൂർത്തീയാക്കാനുണ്ട്.

സപ്ലൈകോ എൻ.എഫ്.എസ്.എ, കൊഴിഞ്ഞാമ്പാറ ഡിപ്പോ അധികൃതർ.