
നെല്ലിയാമ്പതി: പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വാങ്ങിയ ആംബുലൻസും എം.പി ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസും ഇന്നും കട്ടപ്പുറത്തു തന്നെ. 2010 സാമ്പത്തിക വർഷത്തിൽ 8.5 ലക്ഷം രൂപ വകയിരുത്തി വാങ്ങിയതാണ് ആംബുലൻസ്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഷീറ്റിട്ട ഷെഡിനു താഴെ പൊടിപിടിച്ച് നാശമായി കിടക്കുന്ന വാഹനത്തെ റോഡിലിറക്കാനും മറ്റുമായി ജനങ്ങൾ സമിതിയുണ്ടാക്കി. ആംബുലൻസ് ഡ്രൈവറുടെ നിയമനം, വാഹനത്തിന്റെ അറ്റകുറ്റപണികൾക്കായി വരുന്ന തുക കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ സമിതി ചർച്ച ചെയ്തു. 2015-ൽ ആംബുലൻസ് നിരത്തിൽ ഇറങ്ങി. ആഴ്ചകൾ മാത്രം സർവീസ് നടത്തിയ വാഹനം വീണ്ടും പഞ്ചായത്ത് കെട്ടിടത്തിൽ വിശ്രമം.
വർഷങ്ങളായി സർവീസ് നടത്താതെ പൊടിപിടിച്ചു കിടക്കുന്ന ആംബുലൻസിനു മുകളിലെ ലൈറ്റുകളും വൈപ്പറുകളും പരിസരത്തെ വാനരന്മാർ നശിപ്പിച്ചു. വാഹനാപകടങ്ങളും വന്യമൃഗശല്യങ്ങളും കൂടി വരുന്ന ഈ മേഖലയിൽ ആംബുലൻസ് സൗകര്യങ്ങൾ വേണമെന്നാവശ്യം ശക്തമാണ്.
പഴയ വാഹനം കട്ടപ്പുറത്ത് ആയതിനെ തുടർന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരം പഞ്ചായത്തിലേക്ക് എം.പി ഫണ്ടിൽ നിന്നും ആംബുലൻസ് നൽകിയിരുന്നു. ഡ്രൈവറും പരിപാലന ഫണ്ടും ഇല്ലാത്തതിനാൽ ഈ ആംബുലൻസ് ആശുപത്രി വളപ്പിന്റെ മറ്റൊരു ഭാഗത്ത് കിടക്കുകയാണ്. പൊതുഖജനാവിൽ നിന്നും ഫണ്ട് അനുവദിച്ചവരും വാഹനം സ്വീകരിച്ചവരും തുടർനടപടികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
പരാതി പരിഹാര അദാലത്തിലും നടപടിയില്ല
അപകടത്തിൽപ്പെട്ടവരെ മുപ്പതിലേറേ കിലോമീറ്റർ യാത്ര ചെയ്തു വേണം ഏക ആശ്രയമായ നെന്മാറ ആശുപത്രിയിലെത്തിക്കാൻ. ആംബുലൻസ് സൗകര്യം ഒരുക്കണമെന്നാവശ്യം ചിറ്റൂർ താലൂക്കിൽ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ അവതരിപ്പിച്ചെങ്കിലും റോഡിൽ ഇറങ്ങാനുള്ള നടപടികൾ ഇതുവരെ ആയില്ല.