kunjan

ഒറ്റപ്പാലം: സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലക്കിടി കിള്ളികുറുശ്ശിമംഗലം കലക്കത്ത് ഭവനം സാമ്പത്തിക പരാധീനത നേരിടുന്നതിന് പ്രധാന കാരണമായത് കുഞ്ചൻ കലാപീഠമെന്ന് വിലയിരുത്തൽ. കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകുന്ന ഗ്രാന്റ് തുകയായ അഞ്ച് ലക്ഷത്തെ ആശ്രയിച്ചാണ് സ്മാരകത്തിന്റെ പ്രവർത്തനം. തുള്ളൽ പഠനത്തിന് പുറമെ 'കുഞ്ചൻ കലാപീഠം' എന്ന പുതിയ സംവിധാനമാണ് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടുള്ളത് എന്ന വിമർശനം ഉയരുന്നുണ്ട്. ഇതിന്റെ ബാദ്ധ്യത സർക്കാരിനേറ്റെടുക്കാൻ കഴിയില്ല എന്നതാണ് സാംസ്‌കാരിക വകുപ്പ് നിലപാട്. 2008-09 കാലഘട്ടത്തിൽ കൊണ്ടുവന്ന താൽക്കാലിക കോഴ്സുകളാണ് ഇത്തരത്തിൽ അധിക ബാധ്യതയ്ക്ക് വഴിവെച്ചിട്ടുള്ളത്.
നിലവിൽ തരുന്ന അഞ്ച് ലക്ഷം ഗ്രാന്റ് സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നൽകുന്നത്. ഈ ഗ്രാന്റ് ഇരുപത്തഞ്ച് ലക്ഷമാക്കി ഉയർത്തണമെന്നും കുറഞ്ഞത് പത്ത് ലക്ഷമായെങ്കിലും ഉയർത്തേണ്ടത് ഏറെ അനിവാര്യതയാണെന്നും ഭരണ സമിതിയിൽ തന്നെ അഭിപ്രായമുണ്ട്. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്മാരകം സാമ്പത്തിക പരാധീനതയിലൂടെ നീങ്ങുന്നത് സുപ്രധാനമായ ഈ സാംസ്‌കാരിക സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

സമരം നടത്താനൊരുങ്ങി അദ്ധ്യാപകർ

സംസ്ഥാന ബഡ്ജറ്റ് വരാനിരിക്കെയാണ് ഇവിടെ അദ്ധ്യാപകർ സമരത്തിലേയ്ക്ക് നീങ്ങുന്നത്. അഞ്ച് ലക്ഷം ഗ്രാന്റ് സംഖ്യ സാംസ്‌കാരിക ഭവനത്തിലെ സ്ഥിരം ജിവനക്കാർക്ക് ശമ്പളം നൽകാനും സ്മാരകത്തിന്റെ ദൈനംദിന നടത്തിപ്പിനുമായുള്ളതാണ്. സ്‌പെഷ്യൽ ഗ്രാന്റുകൾ ഇല്ലാത്തിടത്താണ് താത്ക്കാലിക അദ്ധ്യാപകർക്ക് 15 മാസത്തിലേറെയായി ശബളം മുടങ്ങിയിട്ടുള്ളത്. ചെറുതുരുത്തി കേരള കലാമണ്ഡലത്തിലും അദ്ധ്യാപകർക്ക് ശമ്പളം മുടങ്ങിയ അവസ്ഥ നിലനിൽക്കെ കുഞ്ചൻ സ്മാരകത്തിലും സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപകരിലെ ഒരു വിഭാഗം.

സ്ഥാപനം അടച്ചുപൂട്ടുമെന്ന വാർത്ത വാസ്തവവിരുദ്ധം

കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചു പൂട്ടി എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചത് വാസ്തവ വിരുദ്ധമാണ്. സ്ഥാപനത്തിലെ ചെറിയ പ്രശ്നങ്ങളെ ചിലർ രാഷ്ട്രീയ താത്പര്യത്തിനായി പർവ്വതീകരിച്ചു പ്രചരിപ്പിച്ചു. സർക്കാരിനെതിരെ ഉപയോഗിക്കാൻ കുഞ്ചൻ സ്മാരകത്തെ ചിലർ ദുരുപയോഗം നടത്തി.

കെ.ജയദേവൻ, ചെയർമാൻ കുഞ്ചൻ സ്മാരകം

 പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും

കുഞ്ചൻ നമ്പ്യാർ സ്മാരക വിവാദത്തിനിടെ പ്രതിഷേധവുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തിറങ്ങി. സ്മാരകം സംരക്ഷിക്കാൻ നടപടി വേണം. ഭരണ സമിതിയുടെ അനാസ്ഥ സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് കാരണമായെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.