
പാലക്കാട്: ജന്തുജാല വൈവിദ്ധ്യത്തിൽ വിസ്‌മയമായി പറമ്പിക്കുളം കടുവാസംരക്ഷണ കേന്ദ്രം. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 11ഇനം ജീവിവർഗങ്ങളുടെ സാന്നിദ്ധ്യം ഗവേഷകർ സ്ഥിരീകരിച്ചു. മൂന്ന് ദിവസം കൊണ്ട് ആകെ 204ഇനം ചിത്രശലഭങ്ങളെ തിരിച്ചറിഞ്ഞു. ഇതിൽ നാലെണ്ണം പുതുതാണ്. നീലഗിരി നാൽക്കണ്ണൻ, തളിർനീനിലി, ഓഷ്യൻ ബ്ലൂ ബോർഡർ, നാട്ടുപനന്തുള്ളൻ എന്നിവ. ഇതോടെ റിസർവിൽ രേഖപ്പെടുത്തിയ ചിത്രശലഭങ്ങളുടെ ഇനം 287 ആയി. അനേഷ്യസ്‌ന മാർട്ടിനി സെലിസ്, പാരഗോംഫസ് ലീനാറ്റസ്, ഡിപ്ലകോഡ്സ് ലെഫെബ്‌വ്രി, ട്രൈറ്റെമിസ് പാലിഡിനെർവിസ്, അഗ്രിയോക്‌നെമിസ് പിയറിസ് എന്നി തുമ്പികളെയും കണ്ടെത്തി. ഇതോടെ തുമ്പികളിടെ ഇനം 58 ആയി ഉയർന്നു.
തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ച് കേരള വനം വന്യജീവി വകുപ്പാണ് സർവേ നടത്തിയത്. എഴുപതോളം പ്രതിനിധികളും വനം ജീവനക്കാരും പങ്കെടുത്തു. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ.സുജിത്ത്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സി.അജയൻ, എ.വിജിൻദേവ്, ബ്രിജേഷ്.വി, കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി.
പക്ഷികൾ 295
കുറുകിയ പാമ്പ് കഴുകൻ, ബ്രൗൺ വുഡ് ഓൾ, പാഡിഫീൽഡ് പിപിറ്റ് എന്നിവയാണ് പുതിയ പക്ഷികൾ. ശ്രീലങ്കൻ ഫ്രോഗ് മൗത്ത്, ഗ്രേറ്റ് ഈയേഡ് നൈറ്റ്ജാർ, ഓറിയന്റൽ ഡാർട്ടർ, റിവർ ടെൺ, ബ്ലാക്ക് ഈഗിൾ, ബോനെല്ലിസ് ഈഗിൾ, മലബാർ ട്രോഗൺ, വേഴാമ്പൽ, മലബാർ പാരക്കീറ്റ്, ബ്ലാക്ക് ബുൾബുൾ, വയനാട് ലാഫിംഗ് ത്രഷ്, തുടങ്ങിയവയാണ് പക്ഷികളിലെ പ്രധാന കണ്ടെത്തൽ. ഇതോടെ പക്ഷികളുടെ ഇനം 295 ആയി.
സർവേയിലെ കണ്ടെത്തലോടെ പ്രദേശത്തിന്റെ സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കും.
--- സുജിത്ത്.ആർ, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം
ഡെപ്യൂട്ടി ഡയറക്ടർ