
പാലക്കാട്: അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപാലം നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ അധികൃതർ. 2025ൽ പാലം നാടിന് സമർപ്പിക്കും. നിർമ്മാണ പ്രവൃത്തികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് റെയിൽവേയോട് അടക്കം വ്യക്തമാക്കിയതായി എ.പ്രഭാകരൻ എം.എൽ.എ അറിയിച്ചു.
റെയിൽവേയുടെ നിർമ്മാണ പ്രവൃത്തികൾ ഉടനാരംഭിക്കും. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. റെയിൽവേ ട്രാക്കിനുനേരെ മുകൾവശത്തുള്ള പാലത്തിന്റെ ഭാഗം റെയിൽവേയാണു നിർമ്മിക്കുക. ഈ പ്രവൃത്തി നീളുന്നതാണ് പദ്ധതി വൈകാൻ കാരണം. നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ട്രാക്കിനു സമീപത്തെ ശുദ്ധജല വിതരണ പൈപ്പ് ലൈൻ മാറ്റണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഇതും പ്രത്യേക ഫണ്ട് അനുവദിച്ചു മാറ്റിക്കൊടുത്തായും എം.എൽ.എ വ്യക്തമാക്കി.
അപ്രോച്ച് റോഡുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 2017 ഒക്ടോബറിലാണ് നടക്കാവിൽ റെയിൽവേ മേൽപാലത്തിന് ശിലാസ്ഥാപനം നടത്തിയത്. 2021ൽ നിർമ്മാണോദ്ഘാടനം നടത്തി. ശേഷം ഇപ്പോഴും മേൽപാലം പണി നടന്നുവരികയാണ്. മുൻ മുഖ്യമന്ത്രിയും മലമ്പുഴ മണ്ഡലം ജനപ്രതിനിധിയുമായിരുന്ന വി.എസ്.അച്യുതാനന്ദൻ ഇടപെട്ട് പാലം നിർമ്മാണത്തിന് നേരത്തെ തന്നെ ആവശ്യമായ തുക അനുവദിച്ചിരുന്നു.
നവംബറോടെ നിർമ്മാണം പൂർത്തിയാക്കും
മേൽപാലത്തിന്റെ നിർമ്മാണച്ചുമതല റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്‌മെന്റ് കോർപറേഷനാണ്. റെയിൽവേയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയാൽ മൂന്നു മാസത്തിനുള്ളിൽ മറ്റു നിർമ്മാണങ്ങൾ നടത്താനാകും. ചുരുങ്ങിയത് ആറുമാസം വേണം റെയിൽവേയുടെ പ്രവൃത്തികൾ പൂർത്തിയാക്കൻ. 3 മാസത്തിൽ ആർ.ബി.ഡി.സി.കെയും നിർമ്മാണം പൂർത്തീകരിച്ചാൽ ഒക്ടോബർ - നവംബറോടെ നടക്കാവ് മേൽപാലം യാഥാർഥ്യമാകും. തുടർന്നുള്ള മിനുക്കു പണികൾ കൂടി പൂർത്തിയാക്കിയാൽ 2025 ജനുവരിയിൽ മേൽപാലം ഉദ്ഘാടനം ചെയ്യാനാകുമെന്നാണു പ്രതീക്ഷ.