
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ അറസ്റ്റിൽ. അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനെയാണ് വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് ഓഫീസിൽവച്ചാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്.
നഗരത്തിലെ ഒരു മാളിന്റെ ഭൂസംബന്ധിയായ നിയമ പ്രശ്നം പരിഹരിക്കാൻ അൻപതിനായിരം രൂപയാണ് അപേക്ഷകനിൽ നിന്നും വാങ്ങിയത്. പണം ആവശ്യപ്പെട്ടതിന് പിന്നാലെ പാലക്കാട് സ്വദേശി ഐസക്ക് വർഗീസ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളുണ്ടായിരുന്നുവെന്ന് വിജിലൻസ് സംഘം അറിയിച്ചു. പണത്തിന് പുറമെ വിലകൂടിയ വസ്ത്രവും, മദ്യം, കേക്ക് ഉൾപ്പെടെ മറ്റുസാധനങ്ങളും അപേക്ഷകരിൽ നിന്നും തഹസിൽദാർ വാങ്ങിയിരുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിലുള്ളത്. വിജിലൻസ് ഡിവൈ.എസ്.പി സി.എം.ദേവദാസൻ, ഇൻസ്‌പെക്ടർമാരായ കെ.എൽ.സിജു, അരുൺപ്രസാദ്, ജയേഷ് ബാലൻ, എസ്.ഐമാരായ ബി.സുരേന്ദ്രൻ, പി.കെ.സന്തോഷ്, ബൈജു സുദേവൻ, സീനിയർ സി.പി.ഒമാരായ ഉവൈസ്, രാജേഷ്, മനോജ്, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.