
ചിറ്റൂർ: തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ പകർച്ച പനി പടരുന്നു. മാസങ്ങളായി ശമനമില്ലാതെ പനി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഡെങ്കിപനി ബാധിതരുടെ എണ്ണവും കിഴക്കൻ മേഖലയിൽ കൂടി വരികയാണ്. കൊഴിഞ്ഞാമ്പാറ ഗവ: ആശുപത്രിയിൽ മാത്രം ഡെങ്കിപനി ബാധിച്ച് ഏഴോളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ ഗവ: ആശുപത്രിയിൽ മാത്രം ഒ.പിയിൽ 500 മുതൽ 600 വരെ രോഗികൾ ദിവസേന എത്തുന്നുണ്ട്. ഒഴലപ്പതി, വണ്ണാമട തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പനിബാധിതരുടെ തിരക്കിന് ഒട്ടും കുറവില്ല. ചിറ്റൂർ ഗവ: താലുക്ക് ആശുപത്രിയിലും ദിവസേന നൂറുകണക്കിന് ആളുകൾ പനിബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും പകർച്ച പനിക്ക് കാരണമാകുന്നതായി ചൂണ്ടികാണിക്കുന്നു.
കൊതുകുശല്യം കൂടുന്നു
ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ കൊതുക് ശല്യം അതിരൂക്ഷമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽആരോഗ്യ വകുപ്പ് നടത്തുന്ന കൊതുക് നശീകരണ പ്രവർത്തനങ്ങൾ വേണ്ടത്ര രീതിയിൽ നടക്കാത്തതാണ് കൊതുക് ശല്യം വർദ്ധിക്കാനിടയായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കൊതുക് നശീകരണം പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിനു ഫണ്ടില്ല എന്നതാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി. അതുപോലെ തന്നെ പല ഭാഗങ്ങളിലും റോഡോരങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു. ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഫല പ്രദമാകുന്നില്ല.
ബോധവത്കരണങ്ങൾ വേണ്ടുവോളം നടത്തുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത സാമൂഹ്യ വിരുദ്ധർ തുടർന്നു കൊണ്ടേയിരിക്കുകയാണ്.