
ചെർപ്പുളശേരി: നെല്ലായ പഞ്ചായത്തിൽ മാരായമംഗലം തച്ചങ്ങാട് മേഖലയിൽ 'ജൽ ജീവൻ" മിഷനിൽ ലഭിച്ച ഗാർഹിക കണക്ഷനുകളിൽ ചില പ്രദേശങ്ങളിലേക്ക് വെളളം ലഭിക്കുന്നില്ലെന്ന് പരാതി. കണക്ഷൻ ലഭിച്ചത് മുതൽ ഈ പ്രദേശങ്ങളിൽ ഇതാണ് അവസ്ഥ. ഇതുകാരണം നിരവധി ആളുകൾ കണക്ഷൻ ഒഴിവാക്കാനുളള തയ്യാറെടുപ്പിലാണ്. പല കണക്ഷനുകളും ഒരു വർഷത്തോളമായി ലഭിച്ചിട്ട്. എന്നാൽ ബില്ല് ഒരു മുടക്കവും കൂടാതെ യഥാസമയം ലഭിക്കുന്നുണ്ട്.
ഒരോ തവണയും 500 മുതൽ 900 രൂപ വരെ ബില്ല് വരുന്നുണ്ട്. പട്ടാമ്പി പി.എച്ച് സെക്ഷന് കീഴിലാണ് പ്രദേശം വരുന്നത്. നെല്ലായ- കുലുക്കല്ലൂർ ത്വരിത കുടിവെളള പദ്ധതിയിൽ നിന്നാണ് ഈ പ്രദേശങ്ങളിലേക്ക് വെളളം എത്തുന്നത്. വെളളം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആദ്യം നെല്ലായ പഞ്ചായത്തിൽ 1500 കണക്ഷനാണ് ഉണ്ടായിരുന്നത്. ജൽജീവൻ പദ്ധതി വന്നതോടെ ഇത് 6000 ആയ മാറി. ഇതോടെയാണ് എല്ലാ പ്രദേശത്തേക്കും വെളളം എത്താതായത്. കൂടാതെ തച്ചങ്ങാട് ചില പ്രദേശങ്ങൾ നെല്ലായ പ്ലാന്റ് നിൽക്കുന്ന ഭാഗത്തേക്കാൾ ഉയർന്നാണ് നിൽക്കുന്നത്. ഇതും വെളളം എത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവിൽ നെല്ലായ സിറ്റി ചുറ്റിയാണ് തച്ചങ്ങാട്ടേക്ക് വെളളമെത്തുന്നത്. ഇത് പരിഹരിക്കാൻ ജെ.ജെ.എം ഫേസ് മൂന്നിൽ ഉൾപെടുത്തി കുറത്തിപ്പാറ വഴി ബൈപ്പാസ് ലൈൻ സ്ഥാപിച്ചും വാട്ടർ ഡിമാന്റ് കൂടിയതിനാൽ എട്ടുലക്ഷം ലിറ്ററിന്റെ പുതിയ ടാങ്ക് നിർമ്മിക്കാനും തീരുമാനമായട്ടുണ്ടെന്ന് 2023 മേയിൽ നാട്ടുകാർ പരാതി നൽകിയപ്പോൾ പട്ടാമ്പി അസിസ്റ്റന്റ് എൻജിനീയറിൽ നിന്ന് മറുപടി ലഭിച്ചിരുന്നു. എന്നാൽ തുടർ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.