dam

നെന്മാറ: പോത്തുണ്ടി ഡാമിൽ നിന്ന് രണ്ടാംവിള കൃഷിക്കായുള്ള ജലവിതരണം നിറുത്തി. വലതുകര കനാലിൽ തുടർച്ചയായി 22 ദിവസവും ഇടതുകര കനാലിൽ 15 ദിവസവും വെള്ളം വിതരണം ചെയ്തിരുന്നു.

കഴിഞ്ഞ തവണ ഡാം ഉപദേശക സമിതി യോഗത്തിന് ശേഷം കർഷകർ നേരത്തെ വെള്ളം തുറക്കണം എന്ന ആവശ്യം ഉന്നയിക്കുകയും എം.എൽ.എ ഇടപെട്ട് മുൻ നിശ്ചയിച്ച തീയതിക്ക് മുമ്പായി വെള്ളം തുറക്കുകയും ചെയ്തിരുന്നു. ഇനി നടക്കുന്ന യോഗത്തിന് ശേഷം അടുത്ത ഘട്ടം വെള്ളം വിട്ടു നൽകേണ്ട തീയതി നിശ്ചയിക്കും. നേരത്തെയുള്ള ധാരണ പ്രകാരം പോത്തുണ്ടി ഇടതു കനാലിലൂടെ ഏഴു ദിവസത്തെ വെള്ളം വിട്ടു നൽകേണ്ടതുണ്ട്. ഒന്നാംഘട്ട ജലവിതരണത്തിനിടെ ഒന്നുരണ്ടു ഇടമഴ ലഭിച്ചത് കർഷകർക്ക് ആശ്വാസമായിരുന്നു. രണ്ടാംഘട്ട ജലസേചനം ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഒന്നാംഘട്ടം നൽകിയ വെള്ളം ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഉണ്ടെങ്കിലും ചില പ്രദേശങ്ങളിൽ വറ്റി തുടങ്ങിയതായി കർഷകർ പറഞ്ഞു. എങ്കിലും ഉണക്ക ഭീഷണി ആയിട്ടില്ലാത്തതിനാൽ ഒരാഴ്ച കൂടി കഴിഞ്ഞ ശേഷം വെള്ളം തുറന്നാൽ മതിയാകും എന്നാണ് ഇടതുകര കനാലിലെ കർഷകർ പറയുന്നത്.

മഴ കുറവായതിനാൽ രണ്ടാംവിളയായി മൂപ്പുകുറഞ്ഞ നെല്ലിനങ്ങളാണ് മിക്കയിടത്തും കൃഷി ഇറക്കിയിരിക്കുന്നത്. കൊയ്ത്തിന് പാകമായത് മുതൽ കതിർ വന്നുതുടങ്ങുന്നത് വരെയുള്ള ഘട്ടങ്ങളിലായാണ് നെൽകൃഷി നിൽക്കുന്നത്. മൂപ്പുകുറഞ്ഞ ഉമ്മ, മനു രത്ന തുടങ്ങിയ ഇനങ്ങളാണ് ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും കൃഷി ചെയ്തിട്ടുള്ളത്. 55 അടി പരമാവധി സംഭരണ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 14.37 അടി വെള്ളമാണ് ശേഷിക്കുന്നത്. ഇതിൽ ഏഴടി വെള്ളം കുടിവെള്ളത്തിനും മത്സ്യ സമ്പത്തിനുമായി നീക്കിവെക്കും. കഴിഞ്ഞ രണ്ടാം കുടിവെള്ളത്തിനും മത്സ്യ സമ്പത്തിനുമായി നാലടി വെള്ളം മാത്രമാണ് നിലനിറുത്തിയത്. കൂടുതൽ കുടിവെള്ള പദ്ധതികൾ പോത്തുണ്ടി അണക്കെട്ടിനെ ആശ്രയിച്ച് പണി പുരോഗമിക്കുന്നതിനാലാണ് ഏഴടി വെള്ളം കരുതലായി മാറ്റുന്നത്. കഴിഞ്ഞ വർഷകാലത്ത് ഡാമിൽ പരമാവധി 25 അടി വെള്ളം മാത്രമാണ് സംഭരിക്കാൻ കഴിഞ്ഞത്.