
പാലക്കാട്: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തെന്നിലാപുരം പാലത്തിന്റെ പൂർത്തീകരണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. പി.പി.സുമോദ് എം.എൽ.എ അദ്ധ്യക്ഷനാകും. എ.കെ.ബാലൻ മുഖ്യാതിഥിയാകും. കെ.ആർ.എഫ്.ബി നോർത്ത് സർക്കിൾ ടീം ലീഡർ എസ്.ദീപു റിപ്പോർട്ടവതരിപ്പിക്കും.
ബ്ലോക്ക് പ്രസിഡന്റ് രജനി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സുമതി, സി.രമേഷ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷ അനിത പോൾസൺ, ജില്ലാ പഞ്ചായത്തംഗം പി.എം.അലി, ബ്ലോക്ക് സ്ഥിരസമിതി അദ്ധ്യക്ഷ കെ.സുലോചന, കെ.ആർ.എഫ്.ബി എക്സി.എൻജിനീയർ കെ.എ.ജയ, പ്രൊജക്ട് ഡയറക്ടർ എം.അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
9.63 കോടിയുടെ പദ്ധതി
കണ്ണമ്പ്ര, കാവശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മംഗലം പുഴയ്ക്ക് കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 9.63 കോടിയിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 77.1 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലത്തിന് 25.55 മീറ്ററിൽ രണ്ട് സ്പാനുകളും 26 മീറ്ററിൽ ഒരു സ്പാനുമുണ്ട്. 7.5 മീറ്റർ വീതിയിൽ ക്യാരേജ് വേയും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ കൈവരിയോട് കൂടിയ നടപ്പാതയും ഉൾപ്പടെ 11 മീറ്റർ വീതിയുണ്ട്. കണ്ണമ്പ്ര ഭാഗത്ത് 139 മീറ്ററും പാടൂർ ഭാഗത്ത് 80 മീറ്ററും ഇരട്ടക്കുളം ഭാഗത്ത് 183 മീറ്ററും ഡി.ബി.എം, ബി.സി നിലവാരത്തിൽ സമീപന റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.