പാലക്കാട്: പരിമിതികളിൽ വീർപ്പുമുട്ടി ജില്ലാ ആശുപത്രി. മാലിന്യ സംസ്കരണം മുതൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, പാർക്കിംഗ് തുടങ്ങി ആശുപത്രിയുടെ നിരവധി അടിസ്ഥാന ആവശ്യങ്ങൾ പലതും അനന്തമായി നീളുകയാണ്. ആശുപത്രിയിലെ മാലിനജലം സംസ്കരിക്കാൻ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടും ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഴയ ടി.ബി.വാർഡ് പൊളിച്ച് പുതിയ കെട്ടിടം നിർമ്മാണം നടക്കുന്നതുകൊണ്ട് സ്ഥലമില്ലാത്തതാണ് കാരണമായി പറയുന്നത്. കിഫ്ബി 2.50 കോടി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനുവേണ്ടി അനുവദിച്ചിട്ടുണ്ടെന്നും കെട്ടിട നിർമ്മാണത്തോടൊപ്പം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും ജില്ല ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിക്ക് എന്നും തലവേദനയാണ് അഴുക്കുചാൽ. ആശുപത്രിയിലെ മലിനജലം അഴുക്കുചാൽ വഴി പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കുന്നതായി ജനങ്ങൾ പരാതിപ്പെടുന്നു. ജില്ല പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചിട്ടും നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും പ്രശ്നം പരിഹരിക്കാനായില്ല. വർഷങ്ങൾക്ക് മുമ്പ് പുകക്കുഴൽ ഒടിഞ്ഞത് മൂലം പ്രവർത്തനം നിർത്തിയ ഇൻസിനറേറ്റർ നാളിതുവരെയായി പുനഃസ്ഥാപിച്ചിട്ടില്ല. ഇതുകാരണം മാലിന്യം പുറത്ത് പ്ലാന്റിൽ കൊണ്ടുപോയി സംസ്കരിക്കേണ്ട അവസ്ഥയാണ്. ഇതുമൂലം ആശുപത്രിക്ക് അധികം സാമ്പത്തിക ബാദ്ധ്യതവരുന്നുണ്ട്. ഇൻസിനറേറ്റർ പ്രവർത്തിക്കുന്നത് മൂലം നവജാതശിശുക്കളുടെ വാർഡിൽ പുക ശ്വസിച്ച് കുട്ടികൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ മലിനീകരണ അതോറിറ്റി ഇൻസിനറേറ്റർ സ്ഥാപിക്കാൻ പാടില്ലെന്ന് അറിയിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.