m

പാലക്കാട്: ഡി.ടി.പി.സി.യുടെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മലമ്പുഴ ഉദ്യാനത്തിൽ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്ളവർഷോ 2024 ആരംഭിച്ചു. എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലമ്പുഴയിൽ വികസനത്തിനും ഉദ്യാന നവീകരണ പ്രവർത്തനങ്ങൾക്കുമായി പത്തുകോടി അനുവദിച്ചതായി എം.എൽ.എ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിന്റെയും ഉദ്യാനത്തിന്റെയും പഴയ പ്രതാപം തിരിച്ചെടുക്കുന്നതിനുള്ള തുടക്കമാണ് പുഷ്പമേള. ഉദ്യാനത്തിൽ ശൗചാലയം പണിയുന്നതിന് 1.35 കോടി അനുവദിച്ചിട്ടുണ്ട്. 44 കോടി ചെലവിൽ റിംഗ് റോഡിന്റെ പ്രവർത്തനം നടക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര, ബ്ലോക്കംഗം തോമസ് വാഴപ്പള്ളി, അസി.കളക്ടർ ഒ.വി.ആൽഫ്രഡ്, ഹേമലത, എസ്.അനിൽകുമാർ, ഡോ.എസ്.വി.സിൽബർട്ട് ജോസ് എന്നിവർ പങ്കെടുത്തു. തുടർന്ന് സ്വരലയയുടെ ഗാനോത്സവവും ജാഫർ ഹനീഫയും സംഘത്തിന്റെയും റിതം ഗ്രിലോഗി ലൈവ് ബാൻഡും അരങ്ങേറി.

മേളയിൽ ഇന്ന്

ഫ്ളവർ ഷോയിൽ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ആറുവരെ വോയ്സ് ഒഫ് കളക്ടറേറ്റ് കരോക്കെ ഗാനമേള നടത്തും. ആറുമുതൽ 8.30 വരെ കൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന മെഗാ ഹിറ്റ് ഗാനമേളയും അരങ്ങേറും.