
പാലക്കാട്: പാലക്കാട്ട് നിന്ന് കേരള സർക്കാറിന്റെ ലോട്ടറി വാങ്ങിയാൽ ഏതെങ്കിലും സമ്മാനം കിട്ടാതിരിക്കില്ലെന്നത് ലോട്ടറി ആരാധകർക്കിടയിലുള്ള ഒരു വിശ്വാസമാണ്. ഈ വിശ്വാസം നാൾക്കുനാൾ ബലപ്പെടുകയാണെന്നതാണ് വാസ്തവം. ഈ വർഷത്തെ ആദ്യ ബമ്പർ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം പാലക്കാട്ടെ ഏജൻസി വഴി വിൽപ്പന നടത്തിയ XC 224091 എന്ന ടിക്കറ്റിനാണ്. തിരുവന്തപുരത്തെ ദുരൈരാജ് എന്നയാൾ പാലക്കാട് വിൻസ്റ്റാർ ഗോൾഡൻ ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞ ഓണം ബമ്പറും പാലക്കാടിനായിരുന്നു.
ഇതൊക്കെ കൊണ്ടാണ് അയൽ ജില്ലകളിൽ നിന്നും അന്യസംസ്ഥാനത്ത് നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങാനായി നൂറ് കണക്കിനാളുകൾ ദിവസവും പാലക്കാട്ടേക്കെത്തുന്നത്. ലോട്ടറി പ്രേമികൾക്ക് പാലക്കാട് അവരുടെ ഭാഗ്യനാടാണ്. ഭാഗ്യദേവത അവിടെ തങ്ങളെയും കാത്തുനിൽപ്പുണ്ടെന്നാണ് അവരുടെ വിശ്വാസം. വില്പനയിൽ പോലെ സമ്മാനം അടിക്കുന്നതിലും പാലക്കാട് മുന്നിലാണ്. 2023ൽ ആദ്യം നറുക്കെടുത്ത ക്രിസ്മസ്- പുതുവത്സര ബമ്പർ (16 കോടി), മൺസൂൺ ബമ്പർ (പത്തുകോടി), 25 കോടിയുടെ ഓണം ബമ്പർ എന്നിവയുടെ ഒന്നാംസമ്മാനം ലഭിച്ചത് പാലക്കാട് വിറ്റ ടിക്കറ്റുകൾക്കാണ്.
അടുത്തിടെ പാലക്കാടിന് ലഭിച്ച പ്രധാന സമ്മാനങ്ങൾ
2020 ജൂണിൽ സമ്മർ ബമ്പർ ഒന്നാംസമ്മാനം ആറുകോടി ലഭിച്ചത് തൂതയിൽ വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും (രണ്ടുപേർക്ക്) മൂന്നാംസമ്മാനം 5 ലക്ഷവും പാലക്കാടിന് തന്നെയായിരുന്നു.
2016ലെ തിരുവോണം ബമ്പർ എട്ടുകോടി രൂപ ചിറ്റിലഞ്ചേരി ചേരാമംഗലം പഴത്തറ ഗണേഷിന് ലഭിച്ചു. ആ വർഷത്തെ പൂജ ബമ്പർ ഒന്നാംസമ്മാനമായ നാലുകോടി വണ്ടിത്താവളം തട്ടാൻചള്ള സ്വദേശി ആർ.നാരായണൻകുട്ടിക്കായിരുന്നു.
2014ൽ കേരള ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ ഒന്നാംസമ്മാനമായ രണ്ടുകോടി കുഴൽമന്ദം സ്വദേശി വിനോദിന് ലഭിച്ചപ്പോൾ കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി മങ്കര മാങ്കുറുശി സ്വദേശിയായ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ വി.കെ.രാജനാണ് ലഭിച്ചത്.
2013ലെ ഓണം ബമ്പർ അഞ്ചുകോടിയും ഒരു കിലോ തങ്കവും മൂത്താന്തറ ശ്രീറാം സ്ട്രീറ്റിൽ സി.മുരളീധരനായിരുന്നു.
2012ൽ പൂജാ ബമ്പർ രണ്ടുകോടി ഒറ്റപ്പാലം സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കട തൊഴിലാളി മുജീബിന് ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ 59ാം നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ ഒരു കോടി കൂറ്റനാട് പിലാക്കാട്ടിരി ചാലാച്ചി ബിജീഷിന് ലഭിച്ചു. പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 51 ലക്ഷം മലമ്പുഴ ചെറാട് കുന്നത്തുപുരയിൽ സി.മണിക്ക് ലഭിച്ചു.