s

പാലക്കാട്: രാത്രി മഞ്ഞിന്റെ തണുപ്പും പകൽ 34-36 ഡിഗ്രി വരെ ചൂടും രേഖപ്പെടുത്തുന്ന ജില്ലയിൽ വേനലിന് ആശ്വാസമായി തണ്ണിമത്തൻ വിപണി സജീവമായി. വേനൽ വരവറിയിച്ചതോടെ നഗരത്തിൽ അടക്കം പലയിടങ്ങളിലും പനനൊങ്കിനും കരിക്കിനും ആവശ്യക്കാരേറെയുണ്ട്.

വേനൽ ചൂടിൽ ആളുകൾക്ക് ആശ്വാസം നൽകുന്നതിൽ പ്രധാനി തണ്ണിമത്തനാണ്. ക്ഷീണവും ദാഹവും ശമിപ്പിക്കാൻ തണ്ണിമത്തന് സാധിക്കുമെന്നതിനാൽ പാതയോരങ്ങളിലെ കടകളിലുൾപ്പെടെ വില്പനയുമേറി. കർണാടകയിൽ നിന്നാണ് നഗരത്തിലേക്ക് തണ്ണിമത്തനെത്തുന്നത്.

സമാം, കിരൺ, നാംധാരി, വിശാൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്. ഇനമനുസരിച്ച് കിലോയ്ക്ക് 22-50 വരെയാണ് വില്പന. തണ്ണിമത്തൻ ജ്യൂസിന് 25-30 രൂപയും. കൂടാതെ സർബത്ത്, സോഡാ സംഭാരം, ലൈം ജ്യൂസ് വിൽക്കുന്ന കടകളും പാതയോരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇളനീരിന്റെ തണുപ്പ്
ഇളനീരിന് ആവശ്യക്കാർ ഏറിയതോടെ പാതയോരങ്ങളിലും വിശ്രമ കേന്ദ്രങ്ങളിലും വില്പനക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. കോട്ടമൈതാനം,​ നഗരസഭ പരിസരം,​ ദേശീയ പാതയോരം എന്നിവിടങ്ങളിലെല്ലാം കച്ചവടക്കാരെ കാണാം. ഇനമനുസരിച്ച് 35-45 രൂപയ്ക്ക് വരെയാണ് വില്പന.

നേരത്തെ ടൗൺ സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ്, ഒലവക്കോട് എന്നിവിടങ്ങളിൽ കുടുംബശ്രീ ഇളനീർ ബൂത്തുണ്ടായിരുന്നെങ്കിലും ഇക്കുറി പ്രവർത്തനമാരംഭിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്നാണ് നഗരത്തിലേക്ക് കൂടുതലായും കരിക്കെത്തുന്നത്. പോഷകമേറെയുള്ള കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിറുത്താനും ഉത്തമമാണ്. കരിക്കിന്റെ ഇളംകാമ്പ് കഴിച്ച് വിശപ്പടക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്.

ഐസാപ്പിളിന്റെ മധുരം

നഗരത്തിലൂടെ കടന്നുപോകുന്ന ദീർഘദൂര യാത്രക്കാർ മുതൽ തദ്ദേശീയർ വരെ പാലക്കാടൻ തനിമയാർന്ന പനനൊങ്കിന് ആവശ്യക്കാർ നിരവധിയാണ്. കൊഴിഞ്ഞാമ്പാറ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം പൊള്ളാച്ചി തുടങ്ങി തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് ഇളനീരിനൊപ്പം നൊങ്കും എത്തിക്കുന്നത്. ഇതിനൊപ്പം ജില്ലയിൽ കൊഴിഞ്ഞാമ്പാറയിൽ നിന്നും നൊങ്ക് സമാഹരിക്കുന്നുണ്ട്.

ഇന്ധന വിലയടക്കം വർദ്ധിച്ചതോടെ ഇക്കുറി നൊങ്കിനും വിലയുയർന്നു. ഒരുകുല പനനൊങ്കിന് 130 രൂപ നൽകിയാണ് സംഭരിക്കുന്നത്. ഇത് നഗരത്തിലെത്തിച്ച് നൊങ്കൊന്നിന് എട്ടുരൂപ നിരക്കിലാണ് കച്ചവടം. നേരത്തെ 100 രൂപയ്ക്ക് 15 നൊങ്ക് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 12 ആയി കുറഞ്ഞിട്ടുണ്ട്.