
പാലക്കാട്: മെഡിക്കൽ കോളേജിന് സമീപം ഉയരുന്ന വി.ടി.ഭട്ടതിരിപ്പാട് സ്മാരകത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. മാർച്ചിന് മുമ്പ് സ്മാരകം ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം 5.78 ഏക്കറിൽ 68.43 കോടി രൂപയ്ക്ക് ചെലവഴിച്ചാണ് സ്മാരകം ഒരുങ്ങുന്നത്. ഇതുവരെയായി പദ്ധതിയുടെ 85 ശതമാനം നിർമ്മാണം പൂർത്തിയായി. എക്സിബിഷൻ സെന്റർ, പെർഫോർമൻസ് സെന്റർ, ഓപ്പൺ എയർ തീയറ്റർ എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളിലായാണ് നിർമ്മാണം നടക്കുന്നത്. ഇതിൽ എക്സിബിഷൻ സെന്ററിന്റെ ജോലികളാണ് നടക്കുന്നത്. മറ്റ് രണ്ട് ബ്ലോക്കുകളുടെയും പണി 95 ശതമാനം പൂർത്തിയായി.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാന പ്രകാരമാണ് സ്മാരകം നിർമ്മിക്കുന്നത്. നാടകശാല, സിനിമ ഹാൾ, നൃത്ത -സംഗീത ശാല, ഗാലറി, ചർച്ചകൾക്കും സെമിനാറുകൾക്കുമുള്ള ഹാളുകൾ, ശിൽപ്പികൾക്കും കരകൗശല വിദഗ്‌ദ്ധർക്കുമുള്ള പണിശാലകൾ, കലാകാരന്മാർക്ക് ഹ്രസ്വകാല താമസ സൗകര്യം എന്നിവ അടങ്ങുന്നതാണ് കേന്ദ്രം.
2019 ലാണ് കെട്ടിടത്തിന് കല്ലിട്ടത്. സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് സമീപത്തെ ആലങ്ങോട്ടുതറ കോളനിക്കാരുടെ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അഴുക്കുചാൽ ഏത് രീതിയിൽ വേണമെന്നത് പഠിക്കാൻ പാലക്കാട് ഐ.ഐ.ടി സംഘം ഉടനെത്തും.
പ്രധാന ബ്ലോക്ക്
12,500 ചതുരശ്ര അടി വിസ്തീർണത്തിൽ വിവര വിതരണ കേന്ദ്രം, സ്മാരക ഹാൾ, ലൈബ്രറി, ഭരണ നിർവഹണ ഓഫീസ് എന്നിവ ഉൾപ്പെട്ടതാണ് പ്രധാന ബ്ലോക്ക്.
രണ്ടാം ബ്ലോക്ക്
35,750 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടാംബ്ലോക്കിൽ ആർട്ട് ഗാലറി, ശിൽപ്പനിർമാണ കേന്ദ്രം, നാടൻകലാ കേന്ദ്രം, ഉപഹാരശാല.
പെർഫോർമൻസ് ബ്ലോക്ക്
പ്രദർശന ബ്ലോക്കിന് 62,500 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഓഡിറ്റോറിയം, എ.വി തീയറ്റർ, ബ്ലാക്ക് ബോക്സ് തിയറ്റർ, സെമിനാർ ഹാൾ, ശിൽപ്പശാലാ ഹാളുകൾ, ക്ലാസ് മുറികൾ, റിഹേഴ്സൽ ഹാളുകൾ.