kabeer

മണ്ണാർക്കാട്: സ്വപ്നം കാണാതിരുന്ന ക്ഷണം ലഭിക്കുകയും അത് നിറവേറുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവിൽ കനത്ത നിരാശയുമുണ്ടായ മാനസിക വിഷമത്തിലാണ് മണ്ണാർക്കാട് നാരങ്ങപെറ്റ സ്വദേശി കബീറും കുടുംബവും.

പെയിന്റിംഗ് തൊഴിലാളിയായ കബീർ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ച തുക ഉപയോഗിച്ച് വീടുപണി പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതിയിൽ വീട് നിർമ്മാണം പൂർത്തിയായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും കുടുംബങ്ങൾക്ക് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണമുണ്ടെന്ന് ഒക്ടോബറിൽ അറിയിപ്പ് ലഭിക്കുന്നു. അപ്രകാരം മണ്ണാർക്കാട് നഗരസഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് കബീറിന്റെ കുടുംബമാണെന്നും യാത്രാച്ചെലവുകൾ സർക്കാർ വഹിക്കുമെന്നും അറിയിച്ചതോടെ കബീറിനും കുടുംബത്തിനും സന്തോഷമായി. തുടർ ദിവസങ്ങളിൽ നഗരസഭ -പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരങ്ങളും ആരാഞ്ഞു. ജനുവരി 24 നാണ് പോകേണ്ടതെന്നും അറിയിച്ചു. തുടർന്ന് തങ്ങൾക്ക് ലഭിച്ച ഈ അവസരത്തെക്കുറിച്ചുള്ള സന്തോഷം സുഹൃത്തുക്കളോടും അയൽക്കാരോടും പങ്കുവച്ചു. ഇവരുടെ സാമ്പത്തിക സ്ഥിതി അറിയാവുന്ന സുഹൃത്തുക്കൾ നൽകിയ തുക ഉപയോഗിച്ച് ഡ്രസുകളും വാങ്ങി.

24ന് രാവിലെ നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് കബീറിനെയും കുടുംബത്തെയും ഒഴിവാക്കിയതായി അറിയുന്നത്. ഏറെ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും കാത്തിരുന്ന യാത്ര അവസാന നിമിഷം ഇല്ലാതായതിന്റെ വിഷമത്തിലാണ് ഇവർ.

സംസ്ഥാനത്ത് മണ്ണാർക്കാട് ഉൾപ്പെടെ ആകെ 11 നഗരസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. പിന്നാട് നഗരഭകളുടെ എണ്ണം 5 ആയി പരിമിതപ്പെടുത്തിയപ്പോൾ മണ്ണാർക്കാടിനെ ഒഴിവാക്കിയാണ് തിരിച്ചടിയായത്. ഇത് യഥാസമയം നഗരസഭാ അധികൃതർ കബിറിനെയും കുടുംബത്തെയും അറിയിച്ചില്ല.

 വിഷയത്തിൽ ആശയ വിനിമയത്തിൽ വന്ന പോരായ്മയാണെന്ന് മനസിലാക്കുന്നു. എവിടെയാണ് വീഴ്ച വന്നതെന്ന് പരിശോധിക്കും. ഒരു പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷകൾ അവസാന നിമിഷം തല്ലിക്കെടുത്തുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ലായിരുന്നു.

സി.മുഹമ്മദ് ബഷീർ, നഗരസഭ ചെയർമാൻ.