chithali

ആലത്തൂർ‌: ദേശീയപാതയിൽ ചിതലിപ്പാലത്തെ വർദ്ധിക്കുന്ന വാഹനാപകടങ്ങൾ തടയുന്നതിന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പൗരസമിതിക്ക് രൂപം നൽകി.

നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് അടിപ്പാത. ദേശീയപാത നാലുവരി ആയതുമുതൽ ഇതുവരെ 15ഓളം അപകട മരണങ്ങളും 75ഓളം പേർക്ക് വാഹനാപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോഡിന് കിഴക്ക് വശത്തായി സബ് രജിസ്ട്രാർ ഓഫീസ്, മിൽമ പാൽ സംഭരണ കേന്ദ്രം, അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വരുന്നവരും പടിഞ്ഞാറു വശത്ത്‌ റേഷൻകട, അംഗൻവാടി, രണ്ട് ക്ഷേത്രങ്ങൾ, യുവജന ക്ലബ്‌ എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തുന്നത്.

വിവിധ ആവശ്യങ്ങൾക്കായി ഇരുവശത്തേക്കും റോഡ്‌ മുറിച്ചുകടക്കണമെങ്കിൽ ജീവൻ കൈയിൽപ്പിടിച്ചാണ് ആളുകളുടെ യാത്ര. അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രിക്കും ദേശീയപാത പ്രൊജക്ട് ഡയറക്ടർക്കും പരാതി നൽകാൻ പൗരസമിതി തീരുമാനിച്ചു.

പൗരസമിതിയുടെ ആവശ്യം ഏറെ പ്രധാനപ്പെട്ടതാണ്. കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് സാഹചര്യം ബോദ്ധ്യപ്പെടുത്തും.

-രമ്യ ഹരിദാസ്‌ എം.പി.