krishnankutty
ഡ്രൈവിംഗ് ലൈസൻസുമായി കൃഷ്ണൻകുട്ടി തന്റെ കാറിന് സമീപം

ഒറ്റപ്പാലം: പതിനഞ്ച് വർഷമായി വീടിന്റെ പോർച്ചിൽ വെറുതെ കിടന്ന് നശിക്കുന്ന മാരുതി ആൾട്ടോ കാർ ഷൊർണൂർ ഗണേശ് ഗിരി എടത്തൊടി ഇ.കെ.കൃഷ്ണൻകുട്ടിയുടെ (81) വലിയ നൊമ്പരമായിരുന്നു. അത് കാറോടിക്കാൻ പഠിക്കണമെന്ന മോഹവും നിശ്ചയദാർഢ്യവും കൃഷ്ണൻകുട്ടിയുടെ മനസിൽ സൃഷ്ടിച്ചു.

ഇതിനിടെ വഴിയിൽ വെച്ച് യാദൃശ്ചികമായി പരിചയക്കാരനായ ഡ്രൈവിംഗ് സ്കൂൾ പരിശീലകനെ കണ്ടുമുട്ടിയതോടെ പുതുവർഷത്തിൽ ലൈസൻസെടുക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമായി. ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുക്കാനാവുമോയെന്ന കൃഷ്ണൻകുട്ടിയുടെ ആശങ്ക കലർന്ന ചോദ്യത്തിന് പരിശീലകനായ അപ്പുവിന്റെ ഉറച്ച മറുപടി. 'പഠിക്കാൻ താല്പര്യവും ആരോഗ്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ റെഡിയാക്കാം,​' പിന്നെ 45 ദിവസത്തെ പരിശീലനം. പട്ടാമ്പി സബ് ആർ.ടി.ഓഫീസിൽ നിന്ന് ലേണിംഗും ടെസ്റ്റ് പാസായി കൃഷ്ണൻകുട്ടി ഫോർ വീലർ ലൈസൻസ് സ്വന്തമാക്കി. ഇന്ന് ആൾട്ടോ കാറോടിച്ച് ഭിന്നശേഷിക്കാരനായ മകൻ ബിനുവിനെയും കൂട്ടി ഷൊർണൂർ നഗരത്തിലൂടെയും പാലക്കാട്ടേക്കും യാത്ര പോകുന്നു. ഇതിനിടെ കാറിന്റെ ബാറ്ററിയും ടയറുമൊക്കെ മാറ്റി.
ഭാര്യ ചിന്നയുടെ അസുഖ സമയത്ത് അവരെ ആശുപത്രിയിലും മറ്റും കൊണ്ടുപോകാൻ മക്കൾ വാങ്ങി നൽകിയതാണ് കാർ. ഡ്രൈവറെ വിളിച്ചായിരുന്നു ഓട്ടം. ഭാര്യ 13 വർഷം മുമ്പ് മരിച്ചു. ഒരു മകൻ ഫാർമസി ബിസിനസുമായി ഗൾഫിലാണ്. പെൺമക്കൾ വിവാഹ ശേഷം ബംഗളൂരിലും മുംബൈയിലും. ഗണേശ് ഗിരിയിലെ വീട്ടിൽ കൃഷ്ണൻകുട്ടിയും ഭിന്നശേഷിക്കാരനായ മകനും മാത്രം.

ഇനി ഗുരുവായൂരിലേക്ക്

റിട്ട. റെയിൽവെ ഇലക്ട്രിക്കൽ ഉദ്യോഗസ്ഥനായ കൃഷ്ണൻകുട്ടിയുടെ ജീവിതചര്യ കർശനമാണ്. പുലർച്ചെ മൂന്നിന് എണീക്കും. രണ്ടര മണിക്കൂർ മുദ്ര, യോഗ, മെഡിറ്റേഷൻ മുതലായവ ചെയ്യും. 'പിരമിഡ് മെഡിറ്റേഷൻ' കൃത്യമായി ചെയ്യും. വെജിറ്റേറിയനാണ്. പകലുറങ്ങില്ല. തേൻ കൃഷിയിലും സജീവം. അടുത്ത ലക്ഷ്യം ഗുരുവായൂരിലേക്ക് കാറോടിച്ച് പോകുകയാണ്.

സ്വന്തം ആവശ്യങ്ങൾക്ക് ഡ്രൈവർമാരെയും ഓട്ടോക്കാരെയും സമയത്തിന് ലഭിക്കാതെ വന്നതോടെയാണ് കാറോടിക്കാൻ പഠിക്കണമെന്ന മോഹമുദിച്ചത്. ആരോഗ്യവും ആത്മവിശ്വാസവും കൂടെ നിന്നതാണ് പ്രായത്തെ തോൽപ്പിച്ച നേട്ടത്തിന് പിന്നിലെ ശക്തി.

-കൃഷ്ണൻകുട്ടി.