
ചിറ്റൂർ: പൊൽപ്പുള്ളി പെരുവെമ്പ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന അത്തിക്കോട് വടകരപ്പള്ളി റോഡ് ശാപമോക്ഷം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അത്തിക്കോട് മുതൽ വടകരപ്പള്ളി വരെയുള്ള റോഡ് മുഴുവൻ കുണ്ടും കുഴികളുമായതിനാൽ വാഹന ഗതാഗതം ദുഷ്‌കരമാണ്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴിയിൽ അകപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളും പതിവ് സംഭവങ്ങളായി മാറിയിരിക്കുയാണ്. പുരാതന പള്ളിയായ വടകരപ്പള്ളിയിലേക്കു ഇതുവഴി ദിവസേന നിരവധി പേർ വന്നു പോകുന്നുണ്ട്. തൊട്ടടുത്ത സംസ്ഥാനത്തു നിന്നു വരെ ആളുകൾ ഈ പള്ളിയിൽ എത്തുന്നുണ്ട്. ഇവിടെ വന്നു പോകുന്ന മുഴുവൻ ആളുകളും ഇവിടേക്കുള്ള റോഡിനെയും അധികൃതരേയും ശപിച്ചാണ് മടങ്ങുന്നത്. പ്രദേശവാസികളാകട്ടെ വടകരപ്പള്ളി റോഡിനു ശാപമോഷം എന്നുണ്ടാകും എന്ന കാത്തിരിപ്പിലാണ്. വടകരപ്പള്ളി ചെക്ക്ഡാമിലേക്ക് പോകുന്ന പ്രധാന റോഡും ഇതു തന്നെയാണ്. കിലോമീറ്ററുകൾ ദൂരംവരുന്ന റോഡിന് ഇരുവശങ്ങളിലും വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന് കർഷകരും കർഷക തൊഴിലാളി കുടുംബങ്ങളും തിങ്ങി പാർക്കുന്നു. ഇവരെല്ലാം തന്നെ പ്രസ്തുത റോഡുകളെയാണ് ആശ്രയിക്കുന്നത്. അത്തിക്കാട് നിന്നും വടകരപ്പള്ളി റോഡ് ജംഗ്ഷൻ വരെ പൊൽപ്പുള്ളി പഞ്ചായത്തും അവിടെ നിന്ന് ആരംഭിക്കുന്ന വടകരപ്പള്ളി റോഡ് പെരുവെമ്പ് പഞ്ചായത്തിന്റെയുമാണ്. ഇരു പഞ്ചായത്തുകളും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.