
ചിറ്റലഞ്ചേരി: കശുവണ്ടിയുടെ വഴിയോര കച്ചവടം പൊടിക്കുന്നു. മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മൂന്നും നാലും കിലോമീറ്റർ ഇടവിട്ടാണ് കശുവണ്ടിയും ഉണക്കമുന്തിരിയും റോഡരികിൽ മേശയും ത്രാസും വെച്ച് വിൽപ്പന പൊടിപൊടിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ കിലോ 600 രൂപയ്ക്ക് മുകളിൽ വിൽക്കുമ്പോൾ വഴിയോരക്കച്ചവടക്കാർ 400 രൂപയ്ക്കാണ് വിൽക്കുന്നത്. കൊല്ലത്തു നിന്നും മൊത്തമായി കൊണ്ടു വന്ന് കൂലിക്ക് ആളെ നിർത്തിയാണ് കച്ചവടം നടത്തുന്നത്. രാവിലെ ഒമിനി വാനിലോ ചെറിയ മറ്റു വണ്ടികളിലോ അതാതിടങ്ങളിൽ പ്ലാസ്റ്റിക് മേശയും സ്റ്റൂളും സാധനങ്ങളും ഇറക്കി മേശപ്പുറത്ത് പ്ലാസ്റ്റിക് കവറുകളിലാക്കി പ്രദർശിപ്പിക്കുന്ന രീതിയിലാണ് വില്പന. തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികളാണ് സാധാരണ ഇത്തരം വ്യാപാരങ്ങൾ പാലക്കാട് ജില്ലയിലും അതിർത്തി ജില്ലയിലും ചെയ്യാറുള്ളത്. എന്നാൽ ചിറ്റിലഞ്ചേരി സ്വദേശിയാണ് പുതിയ തൊഴിൽ സംരംഭം കണ്ടെത്തിയത്. ഇതോടെ 15 ഓളം തൊഴിലാളികൾക്ക് ദിവസക്കൂലി ഉള്ള തൊഴിലും ലഭിക്കും. വിത്തനശ്ശേരി, നെന്മാറ, ആയിനം പാടം, നെന്മാറ കോളേജ് പരിസരം, തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് വ്യാപാരം നടക്കുന്നത്. വഴിയരികിലെ തണൽമരച്ചുവട്ടിലെ കച്ചവടം ആയതിനാൽ വ്യാപാര സ്ഥാപനങ്ങൾക്കും തടസമില്ല.
വിലക്കുറവ് ആവശ്യക്കാരെ ആകർഷിക്കുന്നു
ശബരിമല സീസണിൽ നല്ല നിലയിൽ വ്യാപാരം നടന്നതായി വില്പനക്കാരൻ പറയുന്നു. ശബരിമല സീസൺ അവസാനിച്ചതോടെ വഴിയോര കച്ചവടത്തിന് ചെറിയ കുറവുണ്ടായെങ്കിലും വിലകുറവ് ആവശ്യക്കാരെ ആകർഷിക്കുന്നുണ്ട്. കൂടെ ഉണക്കമുന്തിരിയും വില്പന നടത്തുന്നുണ്ട്.