s

മണ്ണാർക്കാട്: കോട്ടയം -പാലക്കയം സർവീസിന്റെ മുപ്പതാം വാർഷികത്തിൽ പാലക്കയത്തേക്കുള്ള സർവീസ് വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി അധികൃതർ. സൂപ്പർ ഫാസ്റ്റിനു പകരം സ്വിഫ്റ്റ് സർവീസ് ആരംഭിച്ചതാണ് മലയോര, കുടിയേറ്റ മേഖലയിലുള്ളവർക്ക് തിരിച്ചടിയായത്. കെ സ്വിഫ്റ്റ് അധികൃതരുടെ നിർബന്ധമാണ് സർവീസ് നിർത്തിയതിനു പിന്നിൽ. പത്ത് ദിവസം മുമ്പാണ് ഈ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് ബസ് പിൻവലിച്ച് സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ ഞായറാഴ്ച മുതൽ സർവീസ് മണ്ണാർക്കാട് അവസാനിപ്പിക്കണമെന്ന് നിർദേശിച്ചുള്ള ഉത്തരവ് ശനിയാഴ്ചയാണ് ഇറങ്ങിയത്.

കെ.ബാലകൃഷ്ണ പിള്ള ഗതാഗത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 1994 ജനുവരി 30നാണ് കോട്ടയം -പാലക്കയം സർവീസ് ആരംഭിച്ചത്. കോട്ടയം ഡിപ്പോയിൽ വരുമാനത്തിൽ എ ക്ലാസ് സർവീസാണ് കോട്ടയം -പാലക്കയം സർവീസ്. പ്രതിദിനം 30,000 മുതൽ 35,000 രൂപ വരെയാണ് കളക്ഷൻ. ഉച്ചയ്ക്ക് 12.50ന് കോട്ടയത്തു നിന്ന് ആരംഭിക്കുന്ന സർവീസ് രാത്രി എട്ട് മണിക്ക് പാലക്കയത്ത് എത്തും. രാവിലെ 4.15ന് പാലക്കയത്തു നിന്ന് ആരംഭിച്ച് പതിനൊന്ന് മണിക്ക് കോട്ടയത്ത് എത്തും.

കുടിയേറ്റ, മലയോര മേഖലയായ പാലക്കയം, കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പൂഞ്ചോല, വട്ടപ്പാറ, നിരവ്, തരിപ്പപതി തുടങ്ങിയ മേഖലകളിലുള്ളവർക്ക് പുലർച്ചെ മണ്ണാർക്കാട് എത്താനുള്ള ഏക ആശ്രയമായിരുന്നു ഈ സർവീസ്. പാലക്കയത്തു നിന്ന് കോട്ടയത്തേക്ക് പോകുന്നവരും ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. ദൂരസ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ മൂന്നു പതിറ്റാണ്ടായുള്ള യാത്ര സൗകര്യമാണ് ഇല്ലാതാകുന്നത്. കോട്ടയം സർവീസ് ഇല്ലെങ്കിൽ പിന്നെ കാഞ്ഞിരപ്പുഴയിൽ എത്തി ആറരയ്ക്കുള്ള ബസ് പിടിക്കണം.