
പാലക്കാട്: വേനൽ ശക്തമായിത്തുടങ്ങിയതോടെ പഴം വില്പനയും കുതിക്കുകയാണ്. ജ്യൂസുകൾക്ക് ഉൾപ്പെടെ ആവശ്യം ഉയർന്നതോടെയാണ് പഴംവിപണി സജീവമായത്. വിവിധ ഇനം പഴവർഗങ്ങൾ ഇതിനോടകം വിപണിയിൽ എത്തിത്തുടങ്ങി. ഒപ്പം വിലയും വർദ്ധിച്ചിട്ടുണ്ട്.
36 ഡിഗ്രിയാണ് ജില്ലയിലെ ഉയർന്ന ചൂട്. കുറഞ്ഞ ചൂട് 22 ഡിഗ്രിയും. അടുത്ത ദിവസങ്ങളിൽ 37-38 ഡിഗ്രിയായി ചൂട് ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടിൽ നിന്ന് രക്ഷതേടി ജനം പഴങ്ങളെയും ജ്യൂസുകളെയും ആശ്രയിച്ചതോടെയാണ് ആവശ്യക്കാരേറി. തണ്ണിമത്തൻ, സീഡ്ലെസ് മുന്തിരി തുടങ്ങി ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ആവശ്യക്കാരേറെ.
ഇറക്കുമതി ആപ്പിളുകളാണ് വിപണിയിൽ സുലഭം. കാശ്മീരി ആപ്പിളുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ലഭ്യമല്ല. നിലവിൽ ഇറാൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗാല, പിങ്ക്‌ലേഡി എന്നീ ആപ്പിളുകളാണ് വിപണിയിലുള്ളത്.
തണ്ണിമത്തൻ കിരൺ (കടുംപച്ച), മഞ്ഞ, ഇളംപച്ച നിറത്തിലുള്ള വലിയ തണ്ണിമത്തൻ എന്നിവയാണ് വിപണിയിൽ എത്തുന്നത്. കിലോയ്ക്ക് 30 രൂപ മുതൽ 42 രൂപ വരെ വിലയുണ്ട്. പ്രധാനമായും കർണാടകയിൽ നിന്നാണ് കേരളത്തിലേക്ക് കിരൺ തണ്ണിമത്തനെത്തുന്നത്. സാദാ തണ്ണിമത്തന് കിലോയ്ക്ക് 22 രൂപ മുതലാണ് വില.
ഓറഞ്ചിന് ഗുണനിലവാരമനുസരിച്ച് 100 രൂപ മുതലാണ് വില. മുന്തിരി തരം അനുസരിച്ച് കിലോയ്ക്ക് 130 മുതൽ 200 രൂപ വരെ വിലയുണ്ട്. അതേസമയം വാഴപ്പഴങ്ങളായ റോബസ്റ്റ, പാളയൻതോടൻ, ഞാലിപ്പൂവൻ എന്നിവയ്ക്ക് കാര്യമായി വില വർദ്ധിച്ചിട്ടില്ല. കിലോയ്ക്ക് 45 രൂപയ്ക്ക് താഴെയാണ് വില.
വഴിയോരക്കച്ചവടം ഉഷാർ
ചൂട് കടുത്തതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കടകളുയർന്നു. തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത് കടകളാണ് അധികവും. എന്നാൽ എല്ലാ കടകളും പ്രവൃത്തിക്കുന്നത് വൃത്തിയായ സാഹചര്യത്തിലല്ലെന്ന് പരാതിയുണ്ട്. കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവയ്ക്കും ഡിമാൻഡ് വർദ്ധിച്ചു. ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നത് 20 മുതൽ 25 രൂപ വരെയാണ്. വഴിയോര ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്. ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നതെന്നും ആക്ഷപമുണ്ട്.
വിലനിലവാരം - കിലോയ്ക്ക്
ആപ്പിൾ - 180 - 260 രൂപ
സീഡ്ലസ് മുന്തിരി പച്ച - 130
കറുപ്പ് - 200
പപ്പായ - 50
കിനു ഓറഞ്ച് - 100
തായ്ലന്റ് പേരക്ക 140
കിവി 130 (ബോക്സ്)
തണ്ണിമത്തൻ കിരൺ (കടുംപച്ച)- 30
ഇളംപച്ച തണ്ണിമത്തൻ- 22