കൊല്ലങ്കോട്: ചെമ്മണാമ്പതി മലയടിവാരം മുതൽ തേക്കടി വരെയുള്ള വനപാത വീതി കൂട്ടി ജീപ്പ് പോകുന്ന രീതിയിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. 'നിർമ്മാണം തുടങ്ങിയിട്ട് മൂന്ന് വർഷം, പണിതിട്ടും തീരാത്ത വനപാത' എന്ന തലക്കെട്ടിൽ കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര പറമ്പിക്കുളം കോളനിയിലേക്കുള്ള വനപാത നിർമ്മാണ സംബന്ധിച്ച് സുപ്രധാന നിർദേശം നൽകിയത്.
നെന്മാറ വനം ഡിവിഷൻ പരിധിയിലെ വനപാത ഗതാഗതയോഗ്യമാക്കാൻ ഡി.എഫ്.ഒ, തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിംഗ് വിഭാഗം എന്നിവർ ചേർന്നാണ് നടപടി സ്വീകരിക്കേണ്ടത്. എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ വനപാത സഞ്ചാര യോഗ്യമാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
പാത ഇനിയും ബലപ്പെടുത്തണം
ചെമ്മണാമ്പതി മുതൽ വെള്ളക്കൽതിട്ടുവരെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ചതാണ് പാത. വനവനാവകാശം നിയമപ്രകാരം അനുവദിച്ച 0.9975 ഹെക്ടർ വനഭൂമി പ്രയോജനപ്പെടുത്തി മൂന്നുമീറ്റർ വീതിയിലും 3.325 കിലോമീറ്റർ ദൂരത്തിലുമാണ് നിർമ്മാണം. ചിലയിടങ്ങളിൽ കരിങ്കല്ല് പതിച്ചും അരിക് ഭിത്തി കെട്ടിയും ബലപ്പെടുത്തണം. ഇത് പൂർത്തിയായാൽ ജീപ്പടക്കം ചെറുവാഹന യാത്രയ്ക്ക് കഴിയും വിധത്തിലുള്ള പാതയായി മാറും.
സ്വന്തം ഊരിലേക്ക് യാത്ര ചെയ്യാൻ തമിഴ്നാടിന്റെ അനുവാദത്തിനായി കാത്തുനിൽക്കേണ്ട പറമ്പിക്കുളത്തെ ആദിവാസി വിഭാഗങ്ങളുടെ പതിറ്റാണ്ടുകളായുള്ള ദുരിതത്തിനും ഇതോടെ പരിഹാരമാകും.
വരുന്നു വൈദ്യുത കേബിളും
ചെമ്മണാമ്പതി മലയടിവാരം മുതൽ തേക്കടി, അല്ലിമൂപ്പൻ കോളനി, കുരിർകുറ്റി കോളനികളിലേക്ക് വൈദ്യുതി കേബിൾ സ്ഥാപിക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ സോളാർ വൈദ്യുതിയെ ആശ്രയിക്കുന്ന ഊരുവാസികൾക്ക് ഈ പദ്ധതിയും ഏറെ ആശ്വാസകരമായിരിക്കും.