pig

നെന്മാറ: നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ പന്നിശല്യം രൂക്ഷം. 10 ദിവസത്തിനിടെ വിവിധ കൃഷിയിടങ്ങളിലായി ഏഴ് കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് നാലേക്കർ നെൽപ്പാടം പൂർണമായും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.

കാട്ടുപന്നികൾ കൃഷിനാശത്തിന് പുറമേ വാഹന യാത്രക്കാർക്കും പ്രഭാത -സായാഹ്ന നടത്തക്കാർക്കും ഭീഷണിയാണ്. കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായതോടെ മേഖലയിലെ കിഴങ്ങുവർഗവിളകളുടെ കൃഷി പൂർണമായും ഇല്ലാതായി.

ചെലവ് വഹിക്കുന്നത് ഷൂട്ടർമാരും കർഷകരും

കാട്ടു പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് വനം വകുപ്പ് അനുമതി നൽകിയെങ്കിലും പഞ്ചായത്തുകൾ ഷൂട്ടർമാർക്ക് യാത്രാ ചെലവോ തോക്കിൽ ഉപയോഗിക്കുന്ന തോട്ടയുടെ വിലയോ നൽകുന്നില്ല. ഇത് കാട്ടുപന്നി നിർമാർജനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ കർഷകർ പിരിവെടുത്തും സ്വന്തം നിലയിലും ഷൂട്ടർമാർക്ക് യാത്രാസൗകര്യവും തോട്ടയുടെ വിലയും നൽകിയാണ് താൽക്കാലിക പരിഹാരം കാണുന്നത്.

വനം വകുപ്പ് വെടിവെച്ചു കൊല്ലൽ പഞ്ചായത്തിന് കൈമാറി കൈയൊഴിഞ്ഞതോടെ വെടിവെച്ചുകൊന്ന കാട്ടുപന്നിയെ മാനദണ്ഡങ്ങൾ പ്രകാരം കുഴിച്ചുമൂടേണ്ട ചെലവും കർഷകർ വഹിക്കേണ്ട സ്ഥിതിയുണ്ട്.

ആറ് പഞ്ചായത്തുകളിലായി രണ്ട് ഷൂട്ടർമാർ

നെന്മാറ മേഖലയിലെ ആറ് പഞ്ചായത്തുകളിലായി എം.ശിവദാസൻ പെരുമാങ്കോട്, പി.വിജയൻ ചാത്തമംഗലം എന്നീ രണ്ട് ഷൂട്ടർമാർ മാത്രമാണ് വനം വകുപ്പ് അനുമതി നൽകിയവരായിട്ടുള്ളത്. പത്തും പതിനഞ്ചും വരുന്ന കാട്ടുപന്നി കൂട്ടത്തിലെ ഒന്നോ രണ്ടോ എണ്ണം കാട്ടുപന്നിയെ മാത്രം വെടിവെച്ച് കൊന്നത് കൊണ്ട് പ്രശ്നം പരിഹാരമാവില്ലെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.