naattu-chandha
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത.

മണ്ണാർക്കാട്: റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലാരംഭിക്കുന്ന നാട്ടുചന്ത ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് മന്ത്രി വി.എൻ.വാസൻ ഉദ്ഘാടനം ചെയ്യും. പരമാവധി വിലക്കുറവിൽ ഗുണമേന്മയുള്ള പലവ്യഞ്ജനങ്ങളും ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ് വില്പനയ്ക്കായി ഒരുക്കുന്നത്. കാർഷികോല്പന്നങ്ങൾ സംഭരിക്കുന്നതിനും വിപണനത്തിനും സൗകര്യമുണ്ട്. നീതി ഡയഗ്‌നോസ്റ്റിക് സെന്റർ, കെ.ടി.ഡി.സി റസ്റ്റോറന്റ്, കോഫി ഷോപ്പ്, ബിയർ ആൻഡ് വൈൻ പാർലർ എന്നിവയും ഇവിടെ സജ്ജമാകും. രാവിലെ ആറുമുതൽ രാത്രി 9.30 വരെയാണ് പ്രവർത്തനം.

ബാങ്കിന്റെ ബഹുമുഖ സേവനകേന്ദ്രം നബാർഡ്, കേരളബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് യാഥാർത്ഥ്യമാക്കിയത്. 'നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം, നല്ല ആരോഗ്യത്തിന് നല്ല നടത്തം, മണ്ണാർക്കാട്ടുകാർക്ക് ഇനി ഒരൊറ്റ നടത്തം" എന്നതാണ് നാട്ടുചന്തയുടെ സന്ദേശമെന്നും ഭരണസമിതി അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനാകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ്, നബാർഡ് ചീഫ് ജനറൽ മാനേജർ ജി.ഗോപകുമാരൻ നായർ, കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി, കേരള ബാങ്ക് സി.ഇ.ഒ പി.എസ്.രാജൻ, നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, സി.പി.എം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി തുടങ്ങിയവർ നിർവഹിക്കും.

വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പി.എൻ.മോഹനൻ, വൈസ് പ്രസിഡന്റ് റഷീദ് ബാബു, സെക്രട്ടറി എം.പുരുഷോത്തമൻ, ഡയറക്ടർമാരായ മോഹൻദാസ്, ശിവശങ്കരൻ, മുഹമ്മദ് അഷ്റഫ്, എൻ.സി.മാണിക്യൻ, രാധാകൃഷ്ണൻ, സുബൈദ, സൗമ്യ, മീന പ്രകാശൻ, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.


ശുദ്ധമായ പഴവർഗങ്ങൾക്കും

പച്ചക്കറിക്കും ഓസോൺ വാഷ്

കീടനാശിനിയടക്കം വിഷാംശമുള്ള പഴങ്ങളും പച്ചക്കറികളും പൂർണ്ണമായും വിഷരഹിതമാക്കി നൽകുന്ന ഓസോൺ വാഷിനുള്ള പ്ലാന്റ് സൗകര്യമാണ് നാട്ടുചന്തയിലെ പ്രധാന ആകർഷണം. മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമായ ഓസോൺ ഉപയോഗിച്ച് വാഷ് ചെയ്യുന്നതിനാൽ പഴങ്ങളും പച്ചക്കറികളും പൂർണമായും ശുദ്ധമാകും. 60 ലക്ഷത്തിലേറെ ചിലവിൽ സ്ഥാപിച്ച പ്ലാന്റ് സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പ്രവർത്തനം ആരംഭിക്കുന്നത്.