
പത്തനംതിട്ട : വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ അനുവദിക്കുന്ന തുകയിൽ വൻ തോതിൽ തിരിമറി നടക്കുന്നതായി ആക്ഷേപം. വന മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച വനസംരക്ഷണ സമിതിക്ക് (വി.എസ്.എസ്) അനുവദിക്കുന്ന പണമാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥരും ബിനാമികളും കരാറുകാരും ചേർന്ന് തട്ടിയെടുക്കുന്നത്. നടപ്പാക്കാത്ത പദ്ധതികളുടെ പേരിൽ വലിയതുക തട്ടിയെടുക്കുന്നുണ്ട്. ജില്ലയിൽ കോന്നി, റാന്നി വനം ഡിവിഷനുകളിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. അതേസമയം ചെലവാക്കിയ തുകയുടെ കൃത്യമായ കണക്കുകളുമില്ല. ഉദ്യോഗസ്ഥർക്ക് സ്വാധീനിക്കാൻ കഴിയുന്നവരെ ആഭ്യന്തര ഒാഡിറ്റിംഗിന് നിയോഗിച്ചാണ് തട്ടിപ്പിന് മറയൊരുക്കുന്നത്. വനംവകുപ്പ് നേരിട്ടോ പുറമേ നിന്നുള്ള ഏജൻസികളോ വി.എസ്.എസ് ഫണ്ട് ഒാഡിറ്റ് ചെയ്യണമെന്ന ആവശ്യം വകുപ്പ് മേധാവികൾ തള്ളിക്കളഞ്ഞിട്ടുണ്ട്. സമിതിയുടെ പദ്ധതികൾ അംഗീകരിക്കുന്ന അപ്പെക്സ് ബോഡിയായ വനം വികസന ഏജൻസിയുടെ (എഫ്.ഡി.എ) തലപ്പത്ത് തട്ടിപ്പിൽ പങ്കാളികളായ ഉദ്യോഗസ്ഥർ സ്ഥിരമായി ജോലി ചെയ്യുന്നുണ്ട്.
കോന്നി വനംഡിവിഷനിൽ കാട്ടാത്തി മേഖലയിൽ നടന്ന വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് മൂന്നര ലക്ഷം രൂപയാണ് ചെലവായത്. കണക്കിൽ കൃത്രിമം കാണിച്ച് 35 ലക്ഷം രൂപ ചെലവായെന്ന് റിപ്പോർട്ട് എഴുതിയ ബീറ്റ് ഫോറസ്റ്റ് ഒാഫീസറെ സസ്പെൻഡ് ചെയ്തിരുന്നു. തട്ടിപ്പു നടത്തിയവർ തമ്മിലുണ്ടായ തർക്കമാണ് ഇത് ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിജിലൻസ് റെയ്ഡിൽ വനസംരക്ഷണ സമിതിയുടെ ഫണ്ട് തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു.
വി.എസ്.എസ് പ്രവർത്തനം
വനം നശിച്ച ഭാഗങ്ങിൽ പുതിയ തൈകൾ നടുക, വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് സോളാർ ഫെൻസിംഗ്, കിടങ്ങ്, മഴക്കുഴി നിർമ്മാണം, ചെക്ക് ഡാം നിർമ്മാണം, കാട്ടുതീ അണയ്ക്കുക, വനാശ്രിതരുടെ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് വായ്പാ പദ്ധതി നടപ്പാക്കൽ.
നിലവിൽ വന്നത് 2002ൽ
വി.എസ്.എസ് രൂപീകരണത്തിലും മറിമായം
വനമേഖലയോട് ചേർന്ന കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചാണ് വി.എസ്.എസ് രൂപീകരിക്കേണ്ടത്. ബീറ്റ് ഫോറസ്റ്റ് ഒാഫീസർ സമിതി സെക്രട്ടറിയാണ്. ഒരു സമിതിയിൽ ശരാശരി ഇരുന്നൂറ് പേർ അംഗങ്ങളാണ്. നിലവിൽ പ്രവർത്തിക്കുന്നത് തട്ടിക്കൂട്ട് സമിതികളാണെന്ന് ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ പദ്ധതികൾ അതേപടി പുതിയ പദ്ധതികളാകുന്നു. സമിതി അംഗങ്ങളുമായി കൂടിയാലോചനയില്ല. ഒൻപതംഗ എക്സിക്യൂട്ടീവ് കമ്മിറ്റി കൃത്യമായി യോഗം ചേരുന്നില്ല. ജനങ്ങളുടെ പ്രതിനിധിയായ പ്രസിഡന്റും ബീറ്റ് ഫോറസ്റ്റ് ഒാഫീസറായ സെക്രട്ടറിയും പദ്ധതി നടത്തിപ്പുകാർ എന്ന പേരിൽ എത്തുന്ന ബിനാമികളും ചേർന്ന സംഘം തട്ടിക്കൂട്ട് കണക്കുകൾ ഹാജരാക്കി തുക വാങ്ങിയെടുത്ത് വീതം വയ്ക്കുകയാണെന്ന് പരാതികളുണ്ട്.