
ശബരിമല: പുതുവർഷ പുലരിയിൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ 3ന് നടതുറന്നപ്പോൾ ദർശനത്തിനായുള്ള ഭക്തരുടെ നിര മരക്കൂട്ടംവരെ നീണ്ടു. ബംഗളൂരുവിൽ നിന്നെത്തിയ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായി 18,018 തേങ്ങയുടെ നെയ്യഭിഷേകം നടത്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എം.മഹേഷ് നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു. ശ്രീകോവിലിൽ അഭിഷേകം നടക്കുമ്പോൾ പുറത്ത് 51 പേരുടെ ചെണ്ടമേളം നടന്നു. ഭക്തർക്ക് സദ്യയും നൽകി. 2021 ജനുവരി ഒന്നിനും ഇവർ 18,018 തേങ്ങയുടെ നെയ്യഭിഷേകം നടത്തിയിരുന്നു. മാളികപ്പുറം ക്ഷേത്രത്തിൽ ഇന്നലെ ദീപാരാധനയ്ക്കുശേഷം രാത്രിയിൽ ഭഗവതിസേവ നടന്നു. വിളക്കുപൂജയിലും നിരവധി ഭക്തർ പങ്കെടുത്തു. പതിനെട്ടാം പടിയിലൂടെ തീർത്ഥാടകരെ തടസമില്ലാതെ കടത്തിവിടുന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. ഡി.ഐ.ജി തോംസൺ ജോസ്, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ ആർ.ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിക്കുന്നത്.