stadium
നിലവാരമുയർത്തി വികസിപ്പിക്കുന്ന കവിയൂർ പടിഞ്ഞാറ്റുശ്ശേരിയിലെ മൈതാനം

തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം ടർഫാക്കി മാറ്റുന്നു. ടെൻഡർ നടപടികൾ തുടങ്ങി. ഈ മാസം ആറിന് സ്റ്റേഡിയം നിർമ്മാണത്തിന് കരാർ നൽകും. പഞ്ചായത്തിലെ 13 -ാം വാർഡിലെ പടിഞ്ഞാറ്റുശേരിയിൽ 50 സെന്റ് സ്ഥലത്തായാണ് സ്റ്റേഡിയം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്റ്റേഡിയം ഉന്നത നിലവാരത്തിൽ വികസിപ്പിക്കാനാണ് പദ്ധതി. ചുറ്റുമതിൽ പോലുമില്ലാത്ത അവസ്ഥയിലാണ് സ്റ്റേഡിയം . കായിക പരിശീലനത്തിനുള്ള സംവിധാനങ്ങളില്ല. ടർഫ് സ്റ്റേഡിയം വരുന്നതോടെ കായികമേഖലയിൽ കുതിപ്പുണ്ടാകും. തിരുവല്ലയുടെ സമീപ പ്രദേശങ്ങളിലെങ്ങും പഞ്ചായത്തിന്റെയോ നഗരസഭയുടെയോ ഉടമസ്ഥതയിൽ ടർഫ് സ്റ്റേഡിയമില്ല. ഉന്നത നിലവാരത്തിലുള്ള സ്വകാര്യ സ്റ്റേഡിയങ്ങളിൽ വാടക നൽകിയാണ് മിക്കവരും കായിക പരിപാടികളും പരിശീലനവും നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരാണ് ബുദ്ധിമുട്ടുന്നത്.

1.10 കോടി യുടെ പദ്ധതി

നേരത്തെ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ ഉദ്ഘാടനം ചെയ്യാനെത്തിയ പി.ടി. ഉഷ എം.പിക്ക് സ്റ്റേഡിയം വികസനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ നിവേദനം നൽകിയിരുന്നു. 1.10 കോടി രൂപയുടെ പദ്ധതിയാണ് നിവേദനത്തിൽ സമർപ്പിച്ചത്. തുടർന്ന് എം.പി ആദ്യഗഡുവായി 25ലക്ഷം രൂപ അനുവദിച്ചു.

പ്രാഥമിക ജോലികൾ തുടങ്ങുന്നതോടെ അടുത്തഘട്ടമായി 30 ലക്ഷം രൂപകൂടി അനുവദിക്കാമെന്നും അല്ലെങ്കിൽ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാമെന്നും പി.ടി. ഉഷ അറിയിച്ചിട്ടുണ്ട്.