
ശബരിമല : കുഞ്ഞുമാളികപ്പുറങ്ങൾ അംഗനമാരായി അണിഞ്ഞൊരുങ്ങി സന്നിധാനത്ത് തിരുവാതിരച്ചുവടുവയ്ച്ചപ്പോൾ തീർത്ഥാടകർക്ക് നവ്യാനുഭവമായി. വെഞ്ഞാറുംമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിലെ 14 നർത്തകിമാരാണ് അയ്യപ്പസ്വാമിക്ക് അർച്ചനയായി വലിയ നടപന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ തിരുവാതിര അവതരിപ്പിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി എന്നിവർ ഭദ്രദീപം തെളിയിച്ചു. ഗണപതി സ്തുതിയോടെ തുടങ്ങി തിരുവാതിര പദങ്ങൾ ചൊല്ലി, കൃഷ്ണ ഭക്തിഗാനത്തിന് കോൽക്കളി കളിച്ചും കുട്ടികൾ നൃത്തം ഭക്തിസാന്ദ്രമാക്കി. പ്രസിദ്ധ എസ്.ആർ, ആദിലക്ഷ്മി എസ്.എൻ, നിലാ സനിൽ, ആദിത്യ എൻ.ബി, പാർവണ.ജെ, എ.എസ്.അനന്തശ്രീ, ദക്ഷാരാജ്.ആർ, ശിവനന്ദ.എൽ.ആർ, അനന്യ മനു, അലംകൃത അഭിലാഷ്, ഹൃദ്യ സുമേഷ്, ദിയ പി.എസ് നായർ, ആരാധ്യ ആർ.പി എന്നിവരാണ് തിരുവാതിര കളിച്ചത്. നൃത്ത അദ്ധ്യാപിക നമിതാസുധീഷ് ആണ് കുട്ടികളെ പരിശീലിപ്പിച്ചത്.