
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നൂറോളം ഫോറസ്റ്റ് ഓഫീസർമാരെ സന്നിധാനത്ത് വിന്യസിച്ച് വനംവകുപ്പ്. റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, പമ്പ മുതൽ സന്നിധാനം വരെ നാല് ഇടങ്ങളിലായി സ്‌നേക്ക് റെസ്‌ക്യൂ ടീമുകൾ, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചർസ്, പ്രൊട്ടക്ഷൻ വാച്ചേഴ്‌സ്, ആംബുലൻസ് സർവീസ്, ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്‌ക്കറ്റും നൽകാൻ സ്‌പെഷ്യൽ ടീം, റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ എന്നിവരെ പുൽമേട് മുതൽ സന്നിധാനം വരെ വിന്യസിച്ചിട്ടുണ്ട്. ഈയിടങ്ങളിൽ ഭക്തർക്ക് വെള്ളവും ഭക്ഷണവും നൽകുവാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 250ൽ പരം ആരോഗ്യ അസ്വാസ്ഥ്യം നേരിട്ട ഭക്തരെ വിവിധ ഭാഗങ്ങളിൽ നിന്ന് പമ്പയിൽ എത്തിച്ചു. ആവശ്യമെങ്കിൽ എൻ.ഡി.ആർ.എഫ് സേനയുടെ സഹായം തേടും. ഭക്തർക്ക് മിതമായ നിരക്കിൽ ലഘു ഭക്ഷണങ്ങൾ വനം വകുപ്പ് ഫോറസ്റ്റ് എക്കോ ഷോപ്പുകളിൽ ലഭ്യമാണ്. ഇത്തരത്തിൽ വിപുലമായ സംവിധാനങ്ങൾ ആണ് പമ്പ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ രാജീവ് രഘുനാഥ് അറിയിച്ചു.
തീർത്ഥാടകർ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ
മകരജ്യോതി ദർശിക്കാനായി ഭക്തർ വനത്തിനുള്ളിൽ ടെന്റുകൾ സ്ഥാപിച്ച് ദിവസങ്ങളോളം താമസിക്കരുത്. വനത്തിനുള്ളിൽ അനധികൃതമായി നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മകരജ്യോതി ദർശിക്കാനായി മരങ്ങളിൽ കയറിയിരിക്കുന്നത് ഒഴിവാക്കണം. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ എന്നിവർ കാനന പാതകൾ സ്വീകരിക്കരുത്. കാനന തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് എത്തുന്നവർ സ്വയം ജാഗ്രത പാലിക്കണം. വഴിയിൽ കാണുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുകയോ, അവയുടെ സമീപം പോകുകയോ ചെയ്യരുത്. ചെങ്കുത്തായ ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. കൃത്യമായുള്ള വഴികളിൽ കൂടെ മാത്രം ശബരിമലയിലേക്ക് എത്തുക. ഭക്തർ വനത്തിനുള്ളിലേക്ക് കയറി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കരുത്. ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യം വനത്തിൽ നിക്ഷേപിക്കരുത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളും ചില്ലു കുപ്പികളും വനത്തിൽ ഉപേക്ഷിക്കരുത്.