photo
തകർന്നുകിടക്കുന്ന തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപടി റോഡ്

പ്രമാടം : ഒരു കുഴിയിൽ നിന്ന് പടുകുഴിയിലേക്ക്, അതാണ് പ്രമാടം പഞ്ചായത്തിലെ മറൂർ തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപടി റോഡിന്റെ ദുരവസ്ഥ. ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പിടലിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡ് പൂർവ്വ സ്ഥിതിയിൽ ആക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. പൈപ്പിടലിന് തടസമായി നിന്ന പാറ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യന്ത്ര സഹായതോടെ തകിടിയത്ത് മുക്കിന് സമീപം റോഡ് വെട്ടിപ്പൊളിച്ച് ടാറിംഗ് ഇളക്കി മാറ്റിയ ഇവിടം ഇപ്പോൾ തോടിനേക്കാൾ കഷ്ടമാണ്. ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വേനൽക്കാലത്തും മഴക്കാലത്തും ഇതുവഴി യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങൾ സംഭവിക്കാത്തെ ദിവസങ്ങളില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇതിനാൽ പ്രദേശവാസികൾ ഇപ്പോൾ ഇതുവഴിയുള്ള വാഹനയാത്ര ഉപേക്ഷിച്ചിരിക്കുകയാണ്.

പത്തനംതിട്ടയിലേക്കുള്ള ബൈ റോഡ്

പൂങ്കാവ്- പ്രമാടം റോഡിൽ ഗതാഗത തടസം ഉണ്ടായാൽ പത്തനംതിട്ടയിലേക്ക് ഉൾപ്പടെ പോകാൻ ഉപയോഗിക്കുന്ന ബൈ റോഡുകൂടിയാണിത്. പൈപ്പിടൽ പൂർത്തിയായാൽ ഉടൻ റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങളായിട്ടും റോഡ് ഉറപ്പിച്ചുനൽകാൻ പോലും ബന്ധപ്പെട്ടവർ തയാറായിട്ടില്ല. തകർന്ന് തരിപ്പണമായ റോഡ് ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. യാത്രാ തടസം സൃഷ്ടിക്കുന്നതിനൊപ്പം അപകടക്കെണികൂടിയായി മാറിയ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.