
റാന്നി: ശബരിമല തീർത്ഥാടക വാഹനം പൊലീസ് വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് അയ്യപ്പന്മാർ റോഡ് ഉപരോധിച്ചു. മുക്കട - അത്തിക്കയം - പെരുനാട് റോഡിലാണ് ഇന്നലെ ഉച്ചയ്ക്ക് പെരുനാട് പൊലീസ് തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞത്. ഏറെ വൈകിയിട്ടും വാഹനങ്ങൾ കടത്തി വിടാതിരുന്നതോടെ അന്യ സംസ്ഥാന തീർത്ഥാടകർ റാന്നി - അത്തിക്കയം റോഡ് ഉപരോധിച്ചു. അരമണിക്കൂറോളം അയ്യപ്പന്മാർ റോഡിൽ നിലയുറപ്പിച്ചതോടെ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും വഴിയിൽ കുടുങ്ങി. പെരുനാട് സി.ഐ സ്ഥലത്തെത്തി തീർത്ഥാടക വാഹനങ്ങൾ കടത്തിവിട്ടതോടെയാണ് തീർത്ഥാടകർ ഉപരോധം അവസാനിപ്പിച്ചത്. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടക വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ട്. നിലയ്ക്കലിലെ വാഹന പാർക്കിംഗ് തിരക്ക് ഒഴിവാക്കാനാണ് പൊലീസ് പല സ്ഥലങ്ങളിലായി വാഹനങ്ങൾ തടയുന്നത്. എന്നാൽ വെള്ളവും ഭക്ഷണവും കിട്ടാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നതാണ് തീർത്ഥാടകരെ വലയ്ക്കുന്നത്.