
പത്തനംതിട്ട : മൈലപ്രായിലെ വ്യാപാരി പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ (73) കൊലപ്പെടുത്തി സ്വർണവും പണവും അപരിഹരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. പത്തനംതിട്ട, മൈലപ്ര ഭാഗങ്ങളിൽ ഒാട്ടോറിക്ഷ ഒാടിക്കുന്നയാളും ഇവരിലുണ്ട്. മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ സംഭവത്തിൽ ഇവരുടെ പങ്ക് സ്ഥിരീകരിക്കാനായില്ല. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എന്നാൽ, പ്രദേശവാസികളുടെ മൊഴിയെടുക്കുക മാത്രമാണുണ്ടായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൊലയും കവർച്ചയും നടന്നത്. ഇതിനകം അൻപതാേളം ആളുകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾ ആരൊക്കെയാണെന്ന് പൊലീസിന് ചില സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. ജോർജിനെ പരിചയമുള്ളവരും പ്രദേശവാസികളുമായ ചിലർ സംശയ നിഴലിലാണ്. പത്തനംതിട്ട ഡിവൈ.എസ്.പിയുടെ മേൽനേട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജോർജിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന് മൈലപ്ര സെന്റ് ജോർജ് ഒാർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിക്കും.